' അബദ്ധം പറ്റിയതാണ്,ദയവായി തിരിച്ചുവരണം'; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചുവിളിച്ച് ട്വിറ്റർ
|നിർണായക തസ്തികകളിൽ ഇരുന്ന ചില ജീവനക്കാരെ പുറത്താക്കിയതോടെ പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ അത് ബാധിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്
ട്വിറ്ററിൻറെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌ക് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ ഇന്ത്യയുടെ മാർക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാർട്ണർഷിപ്പ് വിഭാഗങ്ങളിലായാണ് കൂട്ടപിരിച്ചുവിടൽ നടന്നത്. ഇലോൺ മസ്‌ക് പ്രഖ്യാപിച്ച കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടത്തിയത്. എന്നാൽ പിരിച്ചുവിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചില ജീവനക്കാരോട് തിരിച്ചുവരാൻ ട്വിറ്റർ ആവശ്യപ്പെട്ടുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ജോലി നഷ്ടപ്പെട്ട ഡസൻ കണക്കിന് ജീവനക്കാരോടാണ് തിരിച്ചുവരാൻ ആവശ്യപ്പെട്ടതെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിന്റെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ഇവരുടെ കഴിവും, പരിചയ സമ്പത്തും ഉപയോഗിക്കാൻ കഴിയുമെന്ന് മനസിലാക്കുന്നതിന് മുമ്പേ തന്നെ മസ്‌കിന്റെ പരിഷ്‌കാരങ്ങൾക്ക് വേണ്ടി ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നെന്നും ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ നിർണായക തസ്തികകളിൽ ഇരുന്ന ചില ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിന്റെ കൂട്ടത്തിൽ പുറത്താക്കിയതോടെ പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ അത് ബാധിച്ചു തുടങ്ങിയതും തിരിച്ചുവിളിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ട്വിറ്ററിൻറെ ഇന്ത്യയിലെ തൊഴിലാളികളിൽ 50 ശതമാനത്തിലധികം പേരെ പിരിച്ചുവിട്ടതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ കഴിഞ്ഞദിവസമാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. ജീവനക്കാരെ മുൻകൂർ അറിയിപ്പ് കൂടാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപണമുണ്ട്. അന്യായമായാണ് പിരിച്ചുവിട്ടതെന്ന് കാണിച്ച് ഏകദേശം 3,200 ജീവനക്കാർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബർ 25ന് 44 ബില്യൺ ഡോളറിന്റെ ഇടപാടിലാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. സാമ്പത്തിക ഭാരം കുറക്കുന്നതിൻറെ ഭാഗമായി ട്വിറ്ററിലെ 3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് ട്വിറ്റർ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു.
സിഇഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.