Tech
വാർഷിക പൊതുയോഗം ആഗസ്റ്റ് 29ന്: റിലയൻസ് ജിയോ 5ജി, ജിയോഫോൺ 5ജി അവതരിപ്പിച്ചേക്കും
Tech

വാർഷിക പൊതുയോഗം ആഗസ്റ്റ് 29ന്: റിലയൻസ് ജിയോ 5ജി, ജിയോഫോൺ 5ജി അവതരിപ്പിച്ചേക്കും

Web Desk
|
25 Aug 2022 11:56 AM GMT

ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാവും സേവനങ്ങൾ ലഭ്യമാവുക

റിലയൻസിന്റെ വാർഷിക പൊതുയോഗം ആഗസ്റ്റ് 29ന് നടക്കും. വിർച്വൽ ആയി നടക്കുന്ന യോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജിയോ 5ജി, ജിയോഫോൺ 5ജി എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

5ജിയുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകൾ റിലയൻസ് നേരത്തേ തന്നെ തുടങ്ങിയിരുന്നു. ആദ്യ ഘട്ടത്തിൽ ഡൽഹി, ബംഗളൂരു, ചണ്ഡീഗഢ്, ഗാന്ധിനഗർ, അഹമ്മദാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ, ജംനാനഗർ, കൊൽക്കത്ത, ലഖ്‌നൗ എന്നീ 13 നഗരങ്ങളിലാവും സേവനങ്ങൾ ലഭ്യമാവുക.

ഗൂഗിളുമായി ചേർന്നാണ് ജിയോ 5ജി ഫോൺ റിലയൻസ് അവതരിപ്പിക്കുന്നത്. ലോഞ്ചിന് മുമ്പ് തന്നെ ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിരുന്നു.

സാധാരണക്കാരന് താങ്ങാൻ പറ്റുന്ന വിലയിലുള്ള 5ജി ഫോണാവും നിർമിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീനാണ് ജിയോ ഫോൺ 5ജിയിൽ പ്രതീക്ഷിക്കുന്നത്. വിലപിടിച്ചു നിർത്താൻ സ്‌നാപ്ഡ്രാഗൺ 480 5ജി soc പ്രോസസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 4ജിബി റാം 32 ജിബി/64 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കുന്നുണ്ട്. പിറകിൽ 13 എംപി പ്രൈമറി സെൻസുള്ള ഇരട്ട ക്യാമറ ഉണ്ടാവുമെന്നാണ് സൂചന. 8 എംപിയാണ് സെൽഫി ക്യാമറ.

10,000 മുതൽ 12,000 രൂപ വരെയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. 2,500 രൂപ ഡൗൺ പേയ്‌മെന്റിൽ ഫോൺ സ്വന്തമാക്കാൻ പറ്റുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിച്ചാൽ ഇത് ജിയോയ്ക്ക് വലിയ നേട്ടമാകും. കള്ളപ്പണം വെളുപ്പിക്കൽ കേസും നികുതി വെട്ടിപ്പിൽ വിവോയുടെ ഓഫീസിൽ നടന്ന ഇഡി റെയ്ഡുമൊക്കെ ചൈനീസ് സ്മാർട്ട് ഫോണുകൾക്ക് തിരിച്ചടിയാവുന്നുണ്ട്.

Similar Posts