വെറും 16,499 രൂപയ്ക്ക് ജിയോബുക്ക് ലാപ്ടോപ്പുമായി റിലയൻസ്; അറിയേണ്ടതെല്ലാം...
|മാറ്റ് ഫിനിഷോടെ 11.6 ഇഞ്ച് എൽഇഡി ഡിസ്പ്ലേയുമായി വലിപ്പമേറിയ ട്രാക്ക്പാഡുമായാണ് ലാപ്ടോപ് വിപണിയിലെത്തുന്നത്
ഇന്ത്യൻ വിപണിയിൽ വെറും 16,499 രൂപക്ക് ജിയോബുക്ക് ലാപ്ടോപ് പുറത്തിറക്കി റിലയൻസ്. 2022 ഒക്ടോബറിൽ പുറത്തിറക്കിയ ജിയോബുക്കിനേക്കാൾ കനം കുറഞ്ഞതും കൂടുതൽ നിലവാരമുള്ളതുമാണ് പുതുതായി വിപണിയിലെത്തുന്ന ജിയോബുക്ക്. എല്ലാ പ്രായക്കാർക്കും ഒരുപോലെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ.
പുതിയ ജിയോബുക്ക് വിജ്ഞാനത്തിന് പുതിയ തലം നൽകുമെന്നും വ്യക്തിഗത വളർച്ചയ്ക്കും കഴിവുകൾ വികസിപ്പിക്കുന്നതിനും ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിലയൻസ് വക്താവ് പറഞ്ഞു.
990 ഗ്രാം മാത്രമാണ് പുതിയ ലാപ്ടോപ്പിന്റെ ഭാരം. മാറ്റ് ഫിനിഷോടെ 11.6 ഇഞ്ച് എൽഇഡി ഡിസ്പ്ലേയുമായി വലിപ്പമേറിയ ട്രാക്ക്പാഡുമായാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്. 2mp വെബ്ക്യാമും ലാപ്ടോപ്പിലുണ്ട്. കണക്ടിവിറ്റിക്കായി രണ്ട് യുഎസ്ബി 2.0 പോർട്ടുകളും ഒരു മിനി-hdmi പോർട്ടും കൂടാതെ 3.5mm ഹെഡ്ഫോണുമാണുള്ളത്. ഇത് കൂടാതെ ആവശ്യാനുസരണം 4G LTE സിമ്മും ഡ്യുവൽ ബാൻഡ് വൈഫൈയും ഉപയോഗിക്കാം.
4 ജിബി എൽപിഡിഡിആർ 4 റാമുമായി വരുന്ന ഈ ലാപ്ടോപിന് സുഗമമായ മൾട്ടിടാസ്കിങ്ങും കാര്യക്ഷമമായ പെർഫോമൻസും നൽകാൻ സാധിക്കും. ഒറ്റ ചാർജിങ്ങിലൂടെ എട്ട് മണിക്കൂർ ബാറ്ററി ബാക്ക്അപ്പ് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 64 ജിബി സ്റ്റോറേജാണ് ജിയോബുക്കിലുള്ളത്. മൈക്രോ എസ്ഡി കാർഡുപയോഗിച്ച് ഇത് 256 ജിബി വരെ കൂട്ടാം.
ആഗസ്റ്റ് 5നാണ് ജിയോബുക്ക് വിൽപന ആരംഭിക്കുന്നത്. ഇന്നലെ മുതൽ ഓർഡർ ചെയ്യാനുള്ള സൗകര്യം ആരംഭിച്ചിരുന്നു. ജിയോ മാർട്ട്, റിലയൻസ് ഡിജിറ്റൽ, ആമസോൺ ഇന്ത്യ എന്നിവിടങ്ങളിൽ ലഭ്യമാണ്. ആദ്യം വാങ്ങുന്നവർക്ക് 12 മാസത്തേക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ്,സെക്യൂരിറ്റി കൺട്രോൾ, എന്നിവ കമ്പനി നൽകുന്നുണ്ട്.