Tech
Restrictions on sensitive content, time limit reminders; Know the features of Instagram Teen account, latest news malayalam, സെന്‍സിറ്റീവ് കണ്ടന്റുകൾക്ക് നിയന്ത്രണം, സമയ പരിധി റിമൈന്‍ഡറുകൾ; ഇന്‍സ്റ്റാഗ്രാം ടീന്‍ അക്കൗണ്ടിന്റെ പ്രത്യേകതകളറിയാം
Tech

സെന്‍സിറ്റീവ് കണ്ടന്റുകൾക്ക് നിയന്ത്രണം, സമയ പരിധി റിമൈന്‍ഡറുകൾ; ഇന്‍സ്റ്റാഗ്രാം ടീന്‍ അക്കൗണ്ടിന്റെ പ്രത്യേകതകളറിയാം

Web Desk
|
19 Sep 2024 11:19 AM GMT

കൗമാരക്കാരായ യൂസര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ സുരക്ഷാ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്

ഉപയോക്താക്കളുടെ പ്രായത്തിനനുസരിച്ച് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. ഓൺലൈൻ ഭീഷണികളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനായി 'ടീൻ അക്കൗണ്ട്' എന്ന പുതിയ അപ്‌ഡേറ്റാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 13 മുതൽ 17 വയസുവരെയുള്ള കൗമാരക്കാരായ യൂസർമാരെ ലക്ഷ്യം വെച്ചാണ് പുതിയ സുരക്ഷാ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കൗമാരക്കാർ ഓൺലൈനിലൂടെ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ആരുടെ കൂടെയാണ്?, അവർ എന്ത് കണ്ടന്റ് ആണ് ഉപയോഗിക്കുന്നത്? തുടങ്ങിയ മാതാപിതാക്കളുടെ പ്രധാന ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുകയാണ് ടീൻ അക്കൗണ്ട് എന്ന പുതിയ അപ്‌ഡേറ്റിന്റെ ഉദ്ദേശം. അടുത്തയാഴ്ച മുതൽ ഇൻസ്റ്റാഗ്രാമിലെ 18 വയസിൽ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ' ടീൻ അക്കൗണ്ട്' സെറ്റിങ്സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവർമാർക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഉള്ളടക്കങ്ങൾ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകൾക്ക് മേൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റൽ സെറ്റിങ്സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ടീൻ അക്കൗണ്ടിന്റെ പ്രത്യേകതകൾ

  • 13 മുതൽ 17 വയസ് വരെയുള്ളവരുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി പ്രൈവറ്റ് അക്കൗണ്ടുകളായി മാറും. ഇതോടെ അപരിചിതർക്ക് ( ഫോളോയിങ് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക്) ഇവരുടെ അക്കൗണ്ടുകളിൽ കയറാനോ സന്ദേശങ്ങൾ അയക്കാനോ സാധിക്കില്ല.
  • ഫോളോ ചെയ്യുന്നവരിൽ നിന്നുള്ള മെസേജുകൾ മാത്രമേ ടീൻ അക്കൗണ്ടുകളിൽ ലഭിക്കൂ. അപരിചിതരുമായുള്ള സമ്പർക്കം പൂർണ്ണമായും ഇല്ലാതാക്കുന്ന സംവിധാനമാണ് ഇത്.
  • ടീൻ അക്കൗണ്ടുകൾക്ക് ചേരാത്തതോ ദോഷകരമായതോ ആയ കണ്ടന്റുകൾ വിലക്കപ്പെടും.
  • ഫോളോ ചെയ്യാത്ത മുതിർന്നവരുടെ അക്കൗണ്ടുകളുമായി ഇടപഴകുന്നത് നിയന്ത്രിക്കും. അപരചിതരുമായുള്ള കോൺഡാക്ട് നിയന്ത്രിക്കുന്നത് ഓൺലൈൻ തട്ടിപ്പ് പോലെയുള്ള സംഭവങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കഴിയും എന്ന് വിലയിരുത്തൽ.
  • ആപ്പുകൾ ഉപയോഗിക്കുന്നതിന് സമയ പരിധി നിശ്ചയിക്കാനുള്ള റിമൈൻഡറുകൾ ലഭിക്കും. സോഷ്യൽ മീഡിയ ആരോഗ്യകരമായി ഉപയോഗിക്കുകയെന്ന സ്വഭാവം വളർത്തുകയാണ് ലക്ഷ്യം.

യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങൾക്കുള്ളിൽ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ അപ്ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതൽ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തും. ടീൻ അക്കൗണ്ടിലേക്ക് അക്കൗണ്ടുകൾ മാറിയാൽ 13 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്സ് മാറ്റാൻ സാധിക്കൂ. എന്നാൽ 16-17 വയസുള്ള ഉപഭോക്താക്കൾക്ക് സ്വയം സെറ്റിങ്സ് മാറ്റാനാവും.

Similar Posts