റോഡ് അടച്ചിടൽ, വെള്ളക്കെട്ട്, അപകടം; മാപ്പിൽ നിങ്ങൾക്കും രേഖപ്പെടുത്താം, ഇങ്ങനെ...
|നാവിഗേഷൻ ആപ്പുകളായ ഗൂഗ്ൾ മാപ്പ്, മേപ്പ്ൾസ് എന്നിവയിലൊക്കെ വിവരം രേഖപ്പെടുത്താം...
രാജ്യത്തുടനീളം കനത്ത മഴ പെയ്യുന്നതോടെ റോഡുകളിൽ തടസ്സമുണ്ടാകുന്നത് സാർവത്രികമായിരിക്കുകയാണ്. അപകടം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയവയൊക്കെ റോഡുകൾ അടച്ചിടാൻ കാരണമാകുകയാണ്. ഇവ നേരത്തെ അറിയാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുന്നതും സാധാരണയാണ്. എന്നാൽ ഈ പ്രശ്‌നം ഒഴിവാക്കാൻ വിവിധയിടങ്ങളിൽ നാം കണ്ട റോഡ് അടച്ചിടലും പ്രശ്‌നങ്ങളും നമുക്ക് തന്നെ മാപ്പിൽ രേഖപ്പെടുത്താം. ജനകീയ നാവിഗേഷൻ ആപ്പുകളായ ഗൂഗ്ൾ മാപ്പ്, മേപ്പ്ൾസ് എന്നിവയിലൊക്കെ ഇതിന് അവസരമുണ്ട്.
ഗൂഗ്ൾ മാപ്പിൽ ഇങ്ങനെ...
ലോകത്തുടനീളം ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗ്ൾ മാപ്‌സ്. റോഡ് അടച്ചിടൽ, അപകടം, ട്രാഫിക് ബ്ലോക്ക്, റോഡിലെ അറ്റകുറ്റപ്പണി, തടസ്സങ്ങൾ, വാഹനത്തകരാറുകൾ എന്നിവയൊക്കെ മാപ്പിൽ അടയാളപ്പെടുത്താൻ കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഇവർ സൗകര്യമേർപ്പെടുത്തിയത്.
ഗൂഗ്ൾ മാപ്പിൽ ഇവ രേഖപ്പെടുത്താൻ ആപ്പിന്റെ താഴ് ഭാഗത്ത് നിന്ന് സൈ്വപ് ചെയ്യണം, അപ്പോൾ 'ആഡ് എ റിപ്പോർട്ട്' ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ചെയ്യാൻ കരുതുന്ന സംഭവവും കാണാം. അവിടെ വിവരം രേഖപ്പെടുത്താം. ഈ വിവരം ഗൂഗ്ൾ ഇതര ഉപഭോക്താക്കളെ അറിയിക്കും.
മേപ്പ്ൾസിൽ ഇങ്ങനെ...
മറ്റൊരു നാവിഗേഷൻ ആപ്പായ മാപ് മൈ ഇന്ത്യയും ട്രാഫിക്, സുരക്ഷ വിവരങ്ങൾ കൈമാറാൻ ഉപഭോക്താക്കൾക്ക് സൗകര്യം നൽകുന്നുണ്ട്. റോഡപകടം, വഴിമുടക്കം, ഗതാഗതകുരുക്ക് എന്നിവ അറിയിക്കാൻ മൊബൈലിൽ ആപ്പ് തുറന്ന് 'പോസ്റ്റ് ഓൺ മാപ്' ഐക്കണിൽ അമർത്തിയാൽ മതി. അപ്പോൾ 'ക്വിക്ക് ആക്‌സസ്' സെക്ഷൻ കാണാം. അവിടെ ട്രാഫിക്, സേഫ്റ്റി, ട്രാഫിക് വയലേഷൻ തുടങ്ങിയ കാറ്റഗറികൾ കാണാം. നാം പങ്കുവെക്കാൻ ആഗ്രഹിക്കുന്ന കാറ്റഗറി തിരഞ്ഞെടുത്ത് വിവരം കൈമാറാം. പിന്നീട് 'സേർച്ച് അല്ലെങ്കിൽ ചൂസ് ലൊക്കേഷൻ ഫ്രം മാപ്'ന്റെ വലതുവശത്തെ എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ലൊക്കേഷൻ തിരഞ്ഞെടുക്കാം. സംഭവത്തിന്റെ കുറിപ്പും ചിത്രങ്ങളും കൈമാറാനുമാകും. പേരുകൾ മറച്ചുവെക്കാനുമാകും. വിവരങ്ങൾ നൽകിയ ശേഷം 'ഡൺ' ബട്ടൺ അമർത്തുക. ഇതോടെ മേപ്പ്ൾസ് വിവരം കൈമാറിത്തുടങ്ങും.
Road closure, waterlogging, accident; You can also mark on the map