ഫേസ്ബുക്ക്,വാട്സാപ്പ്,ഇന്‍സ്റ്റ സേവനങ്ങള്‍ തടസപ്പെട്ടതില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്
|നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലര്‍ത്താന്‍ നിങ്ങൾ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് എനിക്കറിയാം
ഫേസ്ബുക്കും അതിനുള്ള കീഴിലുള്ള വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ മണിക്കൂറുകളോളം നിശ്ചലമായതില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ടെന്നും തടസമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
''നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലര്‍ത്താന്‍ നിങ്ങൾ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് എനിക്കറിയാം'' സക്കര്‍ബര്‍ഗിന്‍റെ കുറിപ്പില്‍ പറയുന്നു. സേവനത്തില്‍ തടസം നേരിട്ടതില്‍ വാട്സാപ്പും ഖേദം പ്രകടിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ ക്ഷമക്ക് നന്ദി പറയുന്നുവെന്നായിരുന്നു വാട്സാപ്പിന്‍റെ ട്വീറ്റ്.
ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്. രാത്രി 9 മണിയോടെ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ സന്ദേശം കൈമാറാന്‍ തടസം നേരിടുകയായിരുന്നു. ഇന്‍റര്‍നെറ്റ് തന്നെ അടിച്ചുപോയോയെന്ന സംശയത്തിലായിരുന്നു പലരും. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്‍റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാം പണിമുടക്കിയതാണെന്ന് വ്യക്തമായത്.
ലോകവ്യാപകമായി മണിക്കൂറോളം സേവനം തടസപ്പെട്ടു. ഇന്ത്യന്‍ സമയം പുലർച്ചെ നാലുമണിയോടെ തടസം നീങ്ങിയതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. സേവനം തടസപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സിടിഒ മൈക്ക് സ്ക്രോഫറും പറഞ്ഞു. അതിനിടെ ഫേസ്ബുക്ക് ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞു. ഗൂഗിളും ആമസോണും അടക്കമുള്ള പ്രമുഖ കമ്പനികളെയും തടസം ബാധിച്ചതായാണ് റിപ്പോർട്ട്.