Tech
ബഹിരാകാശ യുദ്ധത്തിനൊരുങ്ങി കമ്പനികൾ
Tech

'ബഹിരാകാശ യുദ്ധ'ത്തിനൊരുങ്ങി കമ്പനികൾ

Web Desk
|
9 July 2021 12:59 PM GMT

സ്‌പേസ് എക്‌സിന്റെ സ്‌പേസ്ഷിപ്പായ സ്റ്റാർഷിപ്പ് ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ അവശിഷ്ടങ്ങൾ നശിപ്പിക്കുമെന്നാണ് അവരുടെ പുതിയ പ്രഖ്യാപനം.

അമേരിക്കയുടെ സ്‌പേസ് ഏജൻസി നാസയും റഷ്യൻ സ്‌പേസ് ഏജൻസി റോസ്‌ക്കോസ്‌മോസും ഇന്ത്യയുടെ ഇസ്രോയും.. അങ്ങനെ രാജ്യങ്ങളുടെ ബഹിരാകാ ഏജൻസികൾ മാത്രം പരസ്പരം ബഹിരാകാശ നേട്ടങ്ങൾക്കായുള്ള പോരടിച്ചിരുന്ന കാലം പോയി. ഇപ്പോൾ ആകാശയുദ്ധത്തിനായി നിരവധി കമ്പനികളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

അതിൽ പ്രധാനപ്പെട്ടത് അടുത്തിടെ ആമസോൺ വിട്ട ജെഫ് ബെസോസ്, റിച്ചാർഡ് ബ്രാൻസൺ പിന്നെ ഈ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന എലോൺ മസ്‌ക് എന്നിവരുടെ കമ്പനികളാണ്.

നിലവിൽ അതിൽ ആദ്യം ബഹിരാകാശത്തേക്ക് പുറപ്പെടുന്നത് റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ കമ്പനിയുടെ ഗലാക്ടിക് സ്‌പേസ്‌ക്രാഫ്റ്റാണ്. ജൂലൈ 11നാണ് ഗലാക്ടിക് സ്‌പേസ്‌ക്രാഫ്റ്റ് ബഹിരാകാശത്തേക്ക് ഉയർന്നു പൊങ്ങുക. അതു കഴിഞ്ഞു കൃത്യം ഒമ്പത് ദിവസങ്ങൾക്കപ്പുറം അടുത്തിടെ ആമസോണിൽ നിന്ന് പടിയിറങ്ങിയ ജെഫ് ബെസോസ് തന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന് വേണ്ടി ബഹിരാകാശ യാത്ര നടത്തും. 2026 ൽ സ്‌പേസ് എക്‌സ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് നേരത്തെ എലോൺ മസ്‌ക് അറിയിച്ചിരുന്നു.

പക്ഷേ ഈ മേഖലയിലെ അതികായരെന്ന രീതിയിൽ സ്‌പേസ് എക്‌സിൽ നിന്ന് അതുമാത്രം പോരല്ലോ. അതുകൊണ്ടാണ് പുതിയ പ്രഖ്യാപനവുമായി എലോൺ മസ്‌ക് രംഗത്ത് വന്നിരിക്കുന്നത്.

സ്‌പേസ് എക്‌സിന്റെ സ്‌പേസ്ഷിപ്പായ സ്റ്റാർഷിപ്പ് ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ അവശിഷ്ടങ്ങൾ നശിപ്പിക്കുമെന്നാണ് അവരുടെ പുതിയ പ്രഖ്യാപനം. നിലവിൽ ചെറിയ രീതിയിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഭാവിയിൽ വലിയ രീതിയിൽ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി രീതിക്കുന്ന രീതിയിൽ മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തരം മാലിന്യങ്ങൾ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. വിവിധ രാജ്യങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണ് അതിൽ പ്രധാനം. മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ചൈനയുടെ ഒരു ഉപഗ്രഹം ഭൂമിയിൽ നിയന്ത്രണംവിട്ട് പതിച്ച സംഭവം ഭീതി പടർത്തിയിരുന്നു.

അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള മാലിന്യങ്ങൾ ബഹിരാകാശത്തു വച്ചു തന്നെ നശിപ്പിക്കാനുള്ള സംവിധാനമെന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ടു തന്നെയാണ് മറ്റു കമ്പനികളുടെ പ്രഖ്യാപനങ്ങളിൽ നിന്ന് സ്‌പേസ് എക്‌സിന്റെ പ്രഖ്യാപനം വേറിട്ടു നിൽക്കുന്നത്. നാസയുടെ കണക്കനുസരിച്ച് സോഫ്റ്റ്‌ബോളിനെക്കാളും വലിപ്പമുള്ള 23,000ത്തോളം മനുഷ്യനിർമിത അവശിഷ്ടങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. മണിക്കൂറിൽ 17,500 മൈലുകൾ സഞ്ചരിക്കാനുള്ള വേഗത അവയ്ക്ക് ആർജിക്കാനാകും. ഈ വേഗതയിൽ നിലവിലെ കൃത്രിമോപഗ്രഹങ്ങളിൽ അവയിടിച്ചാൽ അതും തകരാറിലാകും.

ബഹിരാകാശത്തെ ഈ മത്സരം അതിന്റെ പുത്തൻ തലങ്ങളിലേക്ക് കടക്കുമ്പോൾ മനുഷ്യരാശിക്ക് കൂടുതൽ ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് കാരണമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Similar Posts