Tech
നീല ടിക്കിന് പണം ഈടാക്കിയാല്‍ ട്വിറ്റര്‍ വിടുമെന്ന് സ്റ്റീഫന്‍ കിങ്; എട്ട് ഡോളര്‍ തരുമോയെന്ന് മസ്‌ക്
Tech

നീല ടിക്കിന് പണം ഈടാക്കിയാല്‍ ട്വിറ്റര്‍ വിടുമെന്ന് സ്റ്റീഫന്‍ കിങ്; എട്ട് ഡോളര്‍ തരുമോയെന്ന് മസ്‌ക്

Web Desk
|
1 Nov 2022 4:04 PM GMT

'ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ബില്ലുകള്‍ അടച്ചേ മതിയാകൂ'

കാലിഫോര്‍ണിയ: ഇലോണ്‍ മസ്ക് നിയന്ത്രണം ഏറ്റെടുത്തതോടെ ട്വിറ്ററില്‍ അടിമുടി മാറ്റത്തിന് നീക്കം നടക്കുകയാണ്. അതിലൊന്നാണ് ബ്ലൂ ടിക്കിന് മാസം തോറും 20 ഡോളര്‍ ഈടാക്കാനുള്ള നീക്കം. ഇത് പ്രാബല്യത്തിലായാല്‍ ട്വിറ്റര്‍ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാഹിത്യകാരനായ സ്റ്റീഫന്‍ കിങ്.

"എന്‍റെ ബ്ലൂ ചെക്ക് നിലനിര്‍ത്താന്‍ മാസംതോറും 20 ഡോളറോ? അവര്‍ എനിക്കാണ് പണം തരേണ്ടത്. ഇത് നടപ്പിലാവുകയാണെങ്കില്‍ ഞാന്‍ എന്റോണിനെപ്പോലെ പോകും" എന്നാണ് സ്റ്റീഫന്‍ കിങ് ട്വീറ്റ് ചെയ്തത്.

മസ്‌ക് മറുപടിയുമായി രംഗത്തെത്തി- "ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ബില്ലുകള്‍ അടച്ചേ മതിയാകൂ. ട്വിറ്ററിന് പൂര്‍ണമായും പരസ്യ ദാതാക്കളെ ആശ്രയിക്കാന്‍ കഴിയില്ല. എട്ട് ഡോളര്‍ എന്നത് എങ്ങനെ? സ്വീകാര്യമാണോ?"

തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ യുക്തിസഹമായ രൂപത്തില്‍ വിശദീകരിക്കുമെന്നും മസ്ക് വ്യക്തമാക്കി. ബോട്ടുകളെയും ട്രോളുകളെയും പരാജയപ്പെടുത്താനുള്ള ഒരേയൊരു മാര്‍ഗമാണിതെന്നും മസ്ക് പറഞ്ഞു.

അതിനിടെ ട്വിറ്ററിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് മസ്‌ക് പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി മസ്‌ക് മാറിയിരിക്കുകയാണ്. 44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്.


Similar Posts