ആമസോണും ഫ്‌ളിപ്കാർട്ടും കരുതിയിരുന്നോളൂ.., സൂപ്പർ ആപ്പ് 'ടാറ്റ ന്യൂ' ഇന്നെത്തും
|ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരിൽ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഐപിഎൽ മൽസരങ്ങൾക്കിടെ ടാറ്റ ന്യൂ പരസ്യങ്ങൾ കണ്ണിലുടക്കാത്തവരുണ്ടാവില്ല. ടാറ്റയുടെ പുതിയ സൂപ്പർ ആപ്പ് ഇന്ത്യൻ ടെക് ലോകത്തേക്ക് ഇന്നെത്തും. ഐപിഎല്ലിന്റെ പ്രധാന സ്പോൺസറായ ടാറ്റ, ന്യൂ ലോഞ്ച് ഐപിഎല്ലിനിടെ നടത്തുമെന്നാണ് റിപ്പോർട്ട്. പുതിയ വിഭാഗങ്ങൾക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ടാറ്റ ഡിജിറ്റലിനു കീഴിലാണ് ആപ്പ്.
ബിഗ്ബാസ്‌കറ്റ്, ഇഫാർമസി 1എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങി വിവിധ സേവനങ്ങള് സൂപ്പർ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുപിഐ ഉൾപ്പയുള്ള സാമ്പത്തിക സേവനങ്ങളും എത്തുമെന്ന് വിവരമുണ്ട്. ടാറ്റ ന്യൂ ഇലക്ട്രോണിക്സ്, ടാറ്റ ന്യൂ ഫാഷൻ, ടാറ്റ ന്യൂ ഗ്രോസറീസ്, ടാറ്റ ന്യൂ ഹോട്ടൽസ് ആൻഡ് ഫ്ളൈറ്റ് തുടങ്ങി എല്ലാ ഉപവിഭാഗങ്ങളും ചേർന്നതാകും ഈ സൂപ്പർ ആപ്പ്. ടാറ്റയിലെ ജീവനക്കാർക്കിടയിൽ കഴിഞ്ഞ വർഷം മുതൽ ആപ്പ് ട്രയൽ റൺ നടത്തുന്നുണ്ട്. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരിൽ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
എന്താണ് ടാറ്റ ന്യൂ? എങ്ങനെ പ്രവർത്തിക്കും?
നിരവധി മേഖലകളിൽ ടാറ്റയ്ക്ക് വ്യവസായം ഉള്ളതിനാൽ ഓൺലൈൻ വ്യാപാര രംഗത്തേക്കുള്ള (e-commerce) ചുവടുവെയ്പിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു ആപ്പിലൂടെ ലഭ്യമാക്കുമ്പോൾ അവ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
ഷോപ്പിങ്ങ്, ട്രാവലിങ്ങ്, സാധനങ്ങൾ ബുക്ക് ചെയ്യൽ, മരുന്ന് വാങ്ങൽ എന്നിങ്ങനെ പല സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് ടാറ്റ ന്യൂ ആപ്പിലൂടെ. വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ഡിജിറ്റൽ പേമെന്റും നടത്താം. 54 എംബി സൈസിലുള്ള ടാറ്റ ന്യൂ ആൻഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ കമ്പനി ഓഫറുകൾ നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നീ വിമാന സർവീസുകളിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും താജ് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകൾ ബുക്ക് ചെയ്യാനും ബിഗ് ബാസ്‌കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും മരുന്നുകൾ വാങ്ങാനും ക്രോമയിൽ നിന്ന് ഇലക്ട്രോണിക്‌സ്, വെസ്റ്റ്‌സൈഡിൽ നിന്ന് വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങാനുമെല്ലാം ടാറ്റ ന്യു ആപ്പിലൂടെ സാധിക്കും.
ഓഫറുകളും നൂതന സേവനങ്ങളും കൂടാതെ, ഈ സൂപ്പർ ആപ്പിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് 'NeuCoins' വഴിയുള്ള റിവാർഡ് പ്രോഗ്രാമായിരിക്കും. വിലിയ കമ്പനികൾ നൽകുന്ന ഓഫർ പോലെ ഓരോ ഇടപാടുകൾക്കും കോയിൻ ക്രെഡിറ്റ് ആകും. അത് തുല്യ തുകയ്ക്ക് റിഡീം ചെയ്യാവുന്നതാണ്.
ആപ്പിൽ ഡിജിറ്റൽ മാസിക- ഫാഷൻ, ടെക്, യാത്ര, ഭക്ഷണം എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളെ കുറിച്ച് ഡിജിറ്റൽ മാസികയിലെ സ്റ്റോറികളിൽ വായിക്കാം. പേയ്‌മെന്റുകൾ നടത്തൽ, സാമ്പത്തിക ആശൂത്രണം, അവധിക്കാലം ആസൂത്രണം ചെയ്യൽ, ഒരുപക്ഷേ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണ മെനു തയാറാക്കൽ അങ്ങനെ ടാറ്റ ന്യൂ ആപ്പ് ലോകത്ത് എല്ലാം ഉണ്ടാകും.