Tech
മെറ്റക്കെതിരെയുള്ള നടപടി വിനയായി; റഷ്യയിൽ വാട്‌സ്ആപ്പിനെ വെട്ടിച്ച് ടെലഗ്രാം
Tech

'മെറ്റ'ക്കെതിരെയുള്ള നടപടി വിനയായി; റഷ്യയിൽ വാട്‌സ്ആപ്പിനെ വെട്ടിച്ച് ടെലഗ്രാം

Web Desk
|
22 March 2022 6:19 AM GMT

റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്

യുക്രൈൻ അധിനിവേശത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ച 'മെറ്റ'യുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിനെ വെട്ടിച്ച് റഷ്യയിൽ ടെലഗ്രാമിന്റെ മുന്നേറ്റം. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും വാട്‌സ് ആപ്പ് പ്രവർത്തിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രിയ മെസേജിങ് ആപ്പിനെ പിറകിലാക്കി ടെലഗ്രാം മുന്നിലെത്തിയത്. റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റർമാരിൽ ഒരാളായ മെഗാഫോണാണ് ഇതിന്റെ കണക്കുകൾ പങ്കുവെച്ചത്. ഫെബ്രുവരിയിലെ ആദ്യ രണ്ടു ആഴ്ചകളിൽ മൊബൈൽ ഇൻറനെറ്റ് ട്രാഫിക്കിൽ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയർ മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ 63 ശതമാനമായി മാറിയിരിക്കുകയാണ്. എന്നാൽ വാട്‌സ് ആപ്പിന്റെ ഷെയർ 48ൽ നിന്ന് 32 ശതമാനമായി കുറയുകയും ചെയ്തു- മെഗാഫോൺ വ്യക്തമാക്കി.


ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ദിനംപ്രതി ഉപയോഗിച്ചപ്പോൾ വാട്‌സ് ആപ്പ് ഉപഭോക്താവ് 26 എംബി മാത്രമാണ് വിനിയോഗിച്ചത്. റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. പ്രധാന മാധ്യമങ്ങൾ, ഗവൺമെൻറ് സംവിധാനം, പ്രശസ്ത വ്യക്തികൾ എന്നിവർക്കെല്ലാം ടെലഗ്രാം ചാനലുകളുണ്ട്. ഇതര സാമൂഹിക മാധ്യമങ്ങൾക്കും മെസേജിങ് ആപ്പുകൾക്കുമെതിരെയുള്ള നിരോധനവും നിയന്ത്രണവും ഈ വളർച്ചക്ക് കാരണമായതായി മെഗാഫോൺ ചൂണ്ടിക്കാട്ടി. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതലാണ് ഈ വളർച്ച തുടങ്ങിയതെന്നും അവർ വ്യക്തമാക്കി.

അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് 'മെറ്റ'; വിലക്കുമായി റഷ്യ

അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ 'മെറ്റ' നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. റഷ്യയുടെ ഔദ്യോഗിക മാധ്യമനിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്സോറാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപ്രവർത്തന സംഘമായി മെറ്റയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യൻ പ്രസിഡൻറിനും സൈനികർക്കുമെതിരെയുള്ള ആഹ്വാനങ്ങളെ അനുവദിക്കുന്ന മെറ്റ റഷ്യയിലെ സാധാരണക്കാർക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുണ്ട്.



റഷ്യൻ ഭരണകൂടത്തിനും സൈനികർക്കുമെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നതിനാൽ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് മെറ്റക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ പ്രോപഗണ്ട, തീവ്രവാദ നിയമങ്ങൾ ഉദ്ധരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. റഷ്യൻ മാധ്യമങ്ങൾക്ക് അനുമതി നിഷേധിക്കുന്നുവെന്ന് കാണിച്ച് മാർച്ച് നാലിന് റോസ്‌കോംനഡ്സോർ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം കാണിച്ച 26 കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.



യുട്യൂബിനും ട്വിറ്ററിനും രാജ്യത്ത് വിലക്ക്

ഇതര സാമൂഹിക മാധ്യമങ്ങളായ യുട്യൂബിനും ട്വിറ്ററിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യ ടുഡേ(ആർ.ടി) ടിവിയുടേത് അടക്കം യുട്യൂബ് ചാനലുകൾക്ക് യുട്യൂബ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നിലെ റഷ്യൻ ട്വിറ്റർ അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്ക് ഏർപ്പെടുത്തി റഷ്യ തിരിച്ചടി നൽകിയിരുന്നത്.

യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശം നടത്തുന്നവർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ അവസരം നൽകുമെന്ന് മെറ്റ അധികൃതർ പറഞ്ഞിരുന്നു. ഈ നയപ്രകാരമാണ് അധിനിവേശം നടത്തുന്ന രാജ്യത്തിന്റെ ഭരണാധികാരികൾക്കെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നത്. അതേസമയം, മെറ്റയുടെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെട്ട് യുഎസ്എയിലെ റഷ്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഉപഭോക്താക്കൾ സത്യത്തിന്റെയും മാനദണ്ഡം നിർണയിക്കാനും രാജ്യങ്ങളെ പരസ്പരം പോരടിപ്പിക്കാനുമുള്ള അധികാരം ഉടമകൾക്ക് നൽകിയിട്ടില്ലെന്നും ട്വീറ്റിൽ പറഞ്ഞു.

റഷ്യയിലെ നിരോധനം മറികടക്കാനുള്ള നീക്കവുമായി ട്വിറ്റർ നടപടി തുടങ്ങിയിരുന്നു. രാജ്യത്തെ ഉപഭോക്താക്കൾക്ക് ട്വിറ്റർ ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നതിന് ട്വിറ്ററിന്റെ ഡാർക്ക് വെബ്ബ് ടോർ പതിപ്പ് കമ്പനി പുറത്തിറക്കി. ടോർ ഒനിയൻ സേവനം ഉപയോഗിച്ച് നിരോധനം മറികടന്ന് ട്വിറ്റർ ഉപയോഗിക്കാൻ ഇനി റഷ്യയിലുള്ളവർക്ക് കഴിയും. ട്വിറ്ററിനെ പിന്തുണയ്ക്കുന്ന ബ്രൗസറുകളുടെ പട്ടികയിൽ ഇപ്പോൾ ടോർ ഒനിയൻ സേവനത്തേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന്റെ ഇന്റർനെറ്റ് കണക്ഷനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെർവറുകളിലൂടെ കടത്തിവിട്ടാണ് ടോർ പ്രാദേശിക ഇന്റർനെറ്റ് സെൻസർഷിപ്പുകളെ മറികടക്കുന്നത്. സൈബർ സുരക്ഷാ ഉദ്യോഗസ്ഥനും ടോർ ഒനിയൻ സേവനം തയ്യാറാക്കുന്നതിനായുള്ള എന്റർപ്രൈസ് ഒനിയൻ ടൂൾകിറ്റിന്റെ ഡിസൈനറുമായ അലെക് മഫെറ്റാണ് ട്വിറ്ററിന്റെ ടോർ പ്രോജക്ട് ഒനിയൻ സേവനം പ്രഖ്യാപിച്ചത്.

ഷോർട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകും റഷ്യയിൽ അവരുടെ സ്ട്രീമിങ് സേവനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. പുതിയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. റഷ്യ നടപ്പിലാക്കിയ പുതിയ വ്യാജ വാർത്താ നിയമത്തിൽ പ്രതിഷേധിച്ചുള്ള നടപടിയാണെന്നാണ് സൂചന.

റഷ്യയുടെ ഫേസ്ബുക്ക് നിരോധനത്തിനെതിരെ പോരാടുമെന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റ കമ്പനിയുടെ സി.ഒ.ഒ ഷേർലി സാൻഡ്ബെർഗ് അറിയിച്ചു. മെറ്റയുടെ ആസ്ഥാനം ദുബൈയിൽ തുറന്നതിന് പിന്നാലെ ദുബൈ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അവർ. ഏകാധിപതികൾക്ക് സാമൂഹിക മാധ്യമങ്ങളോട് വിരോധമാണ്. അതുകൊണ്ടാണ് പുടിൻ നിരോധനം ഏർപെടുത്തിയത്. സാമൂഹിക മാധ്യമങ്ങൾ എത്തുന്നതിന് മുൻപ് റഷ്യയിൽ മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നത് ഒരു കേന്ദ്രമായിരുന്നു. സോഷ്യൽ മീഡിയ എത്തിയതോടെ ജനങ്ങൾ പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഫേസ്ബുക്ക് നിരോധിച്ചതോടെ റഷ്യയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിന് മുന്നിൽ വിലക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.


ഇൻസ്റ്റഗ്രാമിനെ 'പൂട്ടാൻ' റോസ്ഗ്രാമുമായി റഷ്യ:മാർച്ച് 28ന് പുറത്തിറക്കും

ഇൻസ്റ്റഗ്രാമിനെ വിലക്കിയതോടെ പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി റഷ്യ. റോസ്ഗ്രാം എന്ന് പേരിട്ട ആപ്ലിക്കേഷൻ ഈ മാസം 28ന് പുറത്തിറക്കും. ക്രൗഡ്ഫണ്ടിങ് സാധ്യമാകുന്ന മികച്ച ഫീച്ചറുകളുമായാണ് റോസ്ഗ്രാം റഷ്യൻ ജനതയിലേക്ക് എത്തുന്നത്. പണം കൊടുത്തു വായിക്കാവുന്ന ഉള്ളടക്കങ്ങളും റോസ്ഗ്രാമിലുണ്ടാകും. ജനപ്രിയ സോഷ്യൽ നെറ്റുവർക്കിന്റെ എല്ലാ സാധ്യതയും ഉൾകൊള്ളിച്ചാണ് റോസ്ഗ്രാം എത്തുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിനോട് ഏറെക്കുറെ സാമ്യത പുലർത്തുന്ന ഡിസൈനുമായാണ് റോസ്ഗ്രാം എത്തുന്നത്. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മെറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തിയത്. റഷ്യയുടെ വിവര വിനിമയ ഏജൻസിയായ റോസ്‌കോംനാഡ്സറാണ് ഇക്കാര്യം അറിയിച്ചത്.

മെറ്റയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ച റഷ്യ, യുഎസ് ടെക് ഭീമനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കാൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് കേസ് കോടതി പരിഗണിക്കുന്നത്. റഷ്യൻ സൈന്യത്തിനെതിരെ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടർന്നാണ് ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. മെറ്റാ പ്ലാറ്റ്ഫോമിന് കീഴിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ റഷ്യയിൽ വിപിഎൻ സേവനങ്ങൾക്ക് ആവശ്യക്കാരേറിയിരുന്നു. ഇൻസ്റ്റാഗ്രാം കൂടി നിരോധിക്കപ്പെട്ടതോടെയാണ് രാജ്യത്ത് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സേവനങ്ങളുടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂടിയത്.

Telegram lags behind WhatsApp in Russia

Similar Posts