ആമസോണിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി വാള്‍മാര്‍ട്ടിനെ നയിക്കുന്ന ഇന്ത്യാക്കാരന്‍
|ജൂണിൽ അവസാനിച്ച കഴിഞ്ഞ 12 മാസങ്ങളിൽ ആമസോൺ ആദ്യമായി വാൾമാർട്ടിനെ മറികടന്നതായി ന്യൂയോർക്ക് ടൈംസ് ഒരാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു
റീട്ടെയിൽ മേഖലയിലെ ശക്തരായ രണ്ട് അമേരിക്കൻ കമ്പനികളാണ് വാൾമാർട്ടും ആമസോണും. ജൂണിൽ അവസാനിച്ച കഴിഞ്ഞ 12 മാസങ്ങളിൽ ആമസോൺ ആദ്യമായി വാൾമാർട്ടിനെ മറികടന്നതായി ന്യൂയോർക്ക് ടൈംസ് ഒരാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത് ഓൺലൈൻ ഓർഡറുകൾ വൻതോതിൽ കുതിച്ചുയർന്നതും മൂന്നാം കിട വിൽപ്പനക്കാരിൽ നിന്നുള്ള വിൽപനയും ആമസോണിനെ വളരെയധികം സഹായിച്ചു. ആമസോണിനൊപ്പം എത്തിയില്ലെങ്കിലും വാള്‍മാര്‍ട്ടിന്‍റെ വില്‍പനയും ഈ സമയത്ത് വര്‍ധിച്ചിരുന്നു. ആളുകൾ വീണ്ടും ഷോപ്പിംഗിന് ഇറങ്ങുമ്പോൾ ഈ രണ്ടു കമ്പനികള്‍ തമ്മിലുള്ള വ്യത്യാസം കുറയാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതാണ് ആമസോണിന്‍റെ മികവായി ബിസിനസ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.ക്യൂ നില്‍ക്കാതെ പണമടച്ചു സാധനങ്ങളുമായി പുറത്തേക്കു പോകാന്‍ സഹായിക്കുന്ന ടെക്നോളജി ആമസോണ്‍ അവരുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കിയത് വിജയമായിരുന്നു.
വാള്‍മാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ മുഴുവന്‍ സാങ്കേതിക ഉത്തരവാദിത്തവും സി.ഡി.ഒ ആയ സുരേഷ് കുമാറിലാണ്. ഗൂഗിള്‍ മുന്‍ എക്സിക്യൂട്ടീവായ സുരേഷ് കുമാര്‍ 2019 ജൂലൈയിലാണ് വാള്‍മാര്‍ട്ടിന്‍റെ സി.ടി.ഒയും ചീഫ് ഡവലപ്മെന്‍റ് ഓഫീസറുമായി ചാര്‍ജെടുക്കുന്നത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഐ.ബി.എം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള കുമാര്‍ 25 വര്‍ഷത്തെ ടെക്നോളജി ലീഡര്‍ഷിപ്പ് എക്സ്പീരിയന്‍സുമായാണ് സുരേഷ് കുമാര്‍ വാള്‍മാര്‍ട്ടിലെത്തിയത്. ഇ-കൊമേഴ്സ് ബിസിനസില്‍ വാള്‍മാര്‍ട്ട് വന്‍ നിക്ഷേപം നടത്തുന്നതിനിടെയായിരുന്നു സുരേഷ് കുമാറിന്‍റെ നിയമനം. തമിഴ്നാട്ടുകാരനായ സുരേഷ് കുമാര്‍ അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡിയും മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും എയറോസ്പേസ് എന്‍ജിനിയറിംഗും ബിരുദവും നേടിയിട്ടുള്ള ആളാണ് സുരേഷ് കുമാര്‍. അതുകൊണ്ടു തന്നെ വാള്‍മാര്‍ട്ടിന്‍റെ തലപ്പത്ത് എത്താന്‍ എന്തുകൊണ്ടും യോജിച്ച ആളാണ് കുമാര്‍.
ഓണ്‍ലൈനായും ഓഫ്‍ലൈനായും നടക്കുന്ന കച്ചവടങ്ങളെ ലയിപ്പിക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്നും എന്നാല്‍ വാള്‍മാര്‍ട്ട് ഇതിനെ വലിയൊരു അവസരമായി കാണുന്നുവെന്നും സുരേഷ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടു രീതിയിലും ഷോപ്പിംഗ് നടത്താന്‍ ഉപഭോക്താക്കള്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ -കൊമേഴ്സിനും സ്റ്റോറുകൾക്കുമുള്ള വിതരണ ശൃംഖലകൾ വ്യത്യസ്തമായിരിക്കാം. ഓരോന്നിനും വ്യത്യസ്ത ഉൽപ്പന്ന/സേവന വിഭാഗങ്ങൾ ഉണ്ടായിരിക്കാം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈനില്‍ നിന്നും ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് വ്യത്യസ്ത അഭിരുചികളായിരിക്കും ഉള്ളത്. ഓണ്‍ലൈനിലാണെങ്കില്‍ ഉപഭോക്താവിന്‍റെ ആവശ്യത്തിന് തടസം വരാത്ത വിധത്തില്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് കുമാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.
കഴിഞ്ഞ വർഷം യുഎസിൽ, വാൾമാർട്ട് വാൾമാർട്ട് ഡോട്ട്. കോമും വാൾമാർട്ട് പലചരക്ക് ആപ്പുകളും ലയിപ്പിക്കാൻ തുടങ്ങിയിരുന്നു, പലചരക്ക് സാധനങ്ങളും പൊതുവിപണികൾക്കും എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ഒരു ആപ്പ് നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇതു വളരെയധികം സങ്കീര്‍ണമായ പ്രക്രിയ ആയിരുന്നു. എന്നാല്‍ ഈയിടെ നടപ്പിലാക്കിയ മെഷീന്‍ ലേണിംഗ് മാതൃക വഴി ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നുണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ 7,000 എന്‍ജിനിയര്‍മാരാണ് ഉള്ളത്. ഇവരാണ് ഞങ്ങളുടെ മികവിന്‍റെ കാരണക്കാര്‍. ഞങ്ങളുടെ ഉപഭോക്താക്കൾക്കും വിതരണക്കാർക്കും അസോസിയേറ്റുകൾക്കുമായി ലോകോത്തര അനുഭവങ്ങൾ സൃഷ്ടിക്കുന്ന എന്‍റര്‍പ്രൈസ് സൊല്യൂഷനുകളും സാങ്കേതിക ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്ന മികച്ച സാങ്കേതിക വിദഗ്ധര്‍ തങ്ങളുടെ ടീമിലുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.