ആംഗ്രി ബേർഡ്‌സ് ഗെയിം വീണ്ടും വളർച്ച നേടിയതായി നിർമാതാക്കൾ
|കഴിഞ്ഞ ഒക്ടോബർ-ഡിസംബർ മാസത്തിൽ റോവിയോ 110 കോടി രൂപ ലാഭം നേടിയിട്ടുണ്ട്
കുട്ടികളും മുതിർന്നരും ഏറെ ആനന്ദം കണ്ടെത്തിയിരുന്ന ഗെയിമുകളിൽ ഒന്നാണ് ആംഗ്രി ബേർഡ്‌സ്. ഒരിടവേളയ്ക്ക് ശേഷം ആംഗ്രി ബേർഡ്സ് വളർച്ച നേടിയെന്നാണ് നിർമ്മാതാക്കളായ റോവിയോ വ്യക്തമാക്കുന്നത്.
'ഞങ്ങളുടെ മികച്ച മൂന്ന് ഗെയിമുകൾ ആംഗ്രി ബേർഡ്‌സ് 2, ആംഗ്രി ബേർഡ്‌സ് ഡ്രീം ബ്ലാസ്റ്റ്, ആംഗ്രി ബേർഡ്‌സ് ഫ്രണ്ട്‌സ് എന്നിവ വർഷം തോറും വളർന്നു,' ഹെൽസിങ്കി ആസ്ഥാനമായുള്ള മൊബൈൽ ഗെയിം നിർമ്മാതാവ് പറഞ്ഞു. ഈ വർഷം ശക്തമായ ടോപ്പ് ലൈൻ വളർച്ച പ്രതീക്ഷിക്കുന്നതായും റോവിയോ വ്യക്തമാക്കി. എന്നാൽ പുതിയ ഗെയിം വികസിപ്പിക്കുന്നതിനാലും മാർക്കറ്റിംഗിലുള്ള നിക്ഷേപം കാരണവും ഇതിന്റെ ലാഭം കുറയാൻ സാധ്യതയുണ്ട്.
ആംഗ്രി ബേർഡ്സ് മേക്കർ റോവിയോ സിഇഒ കാറ്റി ലെവോറന്റ വർഷാവസാനത്തോടെ രാജിവയ്ക്കുമെന്നാണ് സൂചന. പുതിയ ഗെയിമുകൾ സൃഷ്ടിക്കാനും റോവിയോ ലക്ഷ്യമിടുന്നുണ്ട്. പുതിയ പദ്ധതികളെല്ലാം വലിയ നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് നിർമ്മാതക്കൾ പ്രതീക്ഷിക്കുന്നത്.
കാഷ്വൽ ഗെയിമുകൾക്കുള്ളിൽ തന്നെ ലാഭം കണ്ടെത്താനുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുക, ഗെയിം ഉപഭോക്താക്കളുടെ ശൃംഖല വളർത്തുക, പ്രവർത്തനത്തിൽ ഗുണനിലവാരം പുലർത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് റോവിയോ ചീഫ് എക്സിക്യൂട്ടീവ് അലക്‌സ് പെല്ലെറ്റിയർ-നോർമൻഡ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ-ഡിസംബർ മാസത്തിൽ റോവിയോ 13.1 മില്യൺ യൂറോ (ഏകദേശം 110 കോടി രൂപ) ലാഭം നേടിയിട്ടുണ്ട്. റോവിയോയുടെ ലാഭവിഹിതം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 75 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും കണക്കുകളിൽ പറയുന്നു.