Tech
രക്തപരിശോധനാ സ്റ്റാർട്ടപ്പിലൂടെ കോടികളുടെ തട്ടിപ്പ്: എലിസബത്ത് ഹോംസിന് 11 വർഷം തടവു ശിക്ഷ
Tech

രക്തപരിശോധനാ സ്റ്റാർട്ടപ്പിലൂടെ കോടികളുടെ തട്ടിപ്പ്: എലിസബത്ത് ഹോംസിന് 11 വർഷം തടവു ശിക്ഷ

Web Desk
|
19 Nov 2022 11:58 AM GMT

ഗർഭിണിയായതിനാൽ എലിസബത്തിന് കീഴടങ്ങാൻ ഏപ്രിൽ 27 വരെ കോടതി സമയം നൽകിയിട്ടുണ്ട്

സാൻജോസ്: രക്തപരിശോധന സ്റ്റാർട്ടപ്പിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സിലിക്കൺ വാലി സംരംഭക എലിസബത്ത് ഹോംസിന് 11 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. കാലിഫോർണിയയിലെ സാൻജോസിലുള്ള കോടതിയിൽ ജില്ലാ ജഡ്ജി എഡ്വാർഡ് ഡാവിലയാണ് ശിക്ഷ വിധിച്ചത്. ഗർഭിണിയായ എലിസബത്തിന് കീഴടങ്ങാൻ ഏപ്രിൽ 27 വരെ കോടതി സമയം നൽകിയിട്ടുണ്ട്.

ജനുവരിയിലാണ് എലിസബത്ത് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുന്നത്. അമേരിക്കയിൽ രക്തപരിശോധനാ സ്റ്റാർട്ടപ്പായ തെറാനോസിന്റെ സ്ഥാപകയാണ് എലിസബത്ത്. ഒരു തുള്ളി ചോരയിൽ നിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്നായിരുന്നു സ്റ്റാർട്ടപ്പ് അവതരിപ്പിച്ചു കൊണ്ട് എലിസബത്തിന്റെ വാദം. 19ാം വയസ്സിലാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് എലിസബത്ത് തെറാനോസ് സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവും മികച്ച റിസൾട്ടുമായിരുന്നു കമ്പനിയുടെ പ്രത്യേകത. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിശോധനയ്‌ക്കെടുക്കുന്ന രക്തത്തിന്റെ നൂറിൽ ഒരു ശതമാനമോ മാത്രമേ തെറാനോസ് ടെസ്റ്റുകൾക്ക് ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ രക്തം പരിശോധിക്കാൻ എത്തുന്നവർ പിന്നീട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങളും ഉടലെടുത്തു.

ഫോബ്‌സ് മാസികയുടെ 9 ബില്യൺ ഡോളറിന്റെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞതും സമ്പന്നയുമായ സ്വയം നിർമിത വനിതാ ശതകോടീശ്വരിയായി ഹോംസിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ ഫോബ്‌സ് എലിസബത്തിന്റെ മൊത്തം ആസ്തി പൂജ്യമായി പ്രസിദ്ധീകരിച്ചു.

ഒരു മാസത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് തട്ടിപ്പിന് ഗൂഢാലോചന നടത്തിയതടക്കം നാല് കുറ്റങ്ങൾ കോടതി എലിസബത്തിനെതിരെ ചുമത്തിയത്. പ്രോസിക്യൂട്ടർമാർ 11 ആഴ്ചകൾക്കിടയിൽ രണ്ട് ഡസനിലധികം സാക്ഷികളെ ഹാജരാക്കി. ഹോംസിന് തന്റെ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കുന്നില്ലെന്ന് അറിയാമായിരുന്നുവെന്നും നിക്ഷേപകരെയും രോഗികളെയും തെറ്റിദ്ധരിപ്പിച്ചുവെന്നും അവർ ശക്തമായി വാദിച്ചു. മാധ്യമഭീമൻ റുപ്പർട്ട് മർഡോക്ക്, ഹെന്റി കിസിംഗർ തുടങ്ങി തെറാനോസിൽ നിക്ഷേപം നടത്തിയ നിരവധി പ്രമുഖർ സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നു. തന്നിൽ വിശ്വാസമർപ്പിച്ചവരുടെ വേദന മനസ്സിലാക്കുന്നുവെന്നാണ് എലിസബത്ത് കോടതി വിധിയോട് പ്രതികരിച്ചത്.

Similar Posts