യൂറോപ്പിലും രക്ഷയില്ല; ടിക്‌ടോക്കിന് വീണ്ടും ബാൻ, തെറ്റിദ്ധാരണയെന്ന് കമ്പനി
|ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് ചോർത്തുന്നെന്ന് ആരോപിച്ച് 2020ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്
തുടർച്ചയായി നിരോധനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ചൈനീസ് ആപ്പായ ടിക്ടോക്ക്. യൂറോപ്യൻ യൂണിയന്റെ രണ്ട് വലിയ നയരൂപീകരണ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരോട് ടിക്‌ടോക്ക് ഫോണിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. നിരോധനം സ്ഥാപനങ്ങളിലാണെങ്കിലും ഇത് വീണ്ടും ടിക്‌ടോക്ക് ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയെ വീണ്ടും ചോദ്യമുനയിൽ നിർത്തിയിരിക്കുകയാണ്.
ചൈനീസ് സ്ഥാപനമായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്ക് ഇപ്പോൾ ഗവൺമെന്റുകളുടെയും റെഗുലേറ്റർമാരുടെയും നിരീക്ഷണത്തിലാണ്. യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൺ ആണ് ടിക്‌ടോക്ക് നീക്കം ചെയ്യാൻ നിർദേശം നൽകിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
"സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്, കമ്മീഷൻ കോർപ്പറേറ്റ് മാനേജ്‌മെന്റ് ബോർഡ് അതിന്റെ കോർപ്പറേറ്റ് ഉപകരണങ്ങളിലും കമ്മീഷൻ മൊബൈൽ ഉപകരണ സേവനത്തിൽ എൻറോൾ ചെയ്‌തിരിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിലും ടിക്‌ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു"; ബ്രെട്ടൺ പ്രസ്താവനയിൽ അറിയിച്ചു. സൈബർ സുരക്ഷാ ഭീഷണികളിൽ നിന്നും നടപടികളിൽ നിന്നും കമ്മീഷനെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, നിരോധനത്തിന് കാരണമെന്തെന്ന് കമ്മീഷൻ നേരിട്ട് അറിയിച്ചിട്ടില്ലെന്നും പ്രത്യേകിച്ച് വിശദീകരണം നൽകിയിട്ടില്ലെന്നും ടിക്‌ടോക്ക് വക്താക്കൾ പറഞ്ഞു. കമ്മീഷന്റെ നടപടി അടിസ്ഥാനപരമായി തെറ്റാണെന്നും തെറ്റിദ്ധാരണകൾ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടി. എല്ലാ മാസവും ടിക്‌ടോക്കിൽ വരുന്ന യൂറോപ്യൻ യൂണിയനിലുടനീളമുള്ള 125 ദശലക്ഷം ആളുകളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വിശദീകരിച്ച് ബോധ്യപ്പെടുത്താൻ തങ്ങൾ കമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ടിക്‌ടോക്ക് അറിയിച്ചു.
നേരത്തെ, സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ ടിക്‌ടോക്ക് ഉപയോഗിക്കുന്നത് അമേരിക്കയിലെ ടെക്‌സസ് സർവകലാശാലയും നിരോധിച്ചിരുന്നു. സർക്കാർ നൽകിയിട്ടുള്ള ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യണമെന്ന ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
വിവരങ്ങൾ ചോർത്തുന്നെന്നും സുരക്ഷഭീഷണിയുണ്ടെന്നും കാണിച്ച് അമേരിക്കയിൽ 20 ലധികം സംസ്ഥാനങ്ങളിലും ടിക്‌ടോക്ക് നിരോധിച്ചിരുന്നു. സർക്കാർ നിയന്ത്രിത ഉപകരണങ്ങളിൽ നിന്ന് ടിക്‌ടോക്ക് ഉപയോഗിക്കരുത് എന്നാണ് ജീവനക്കാർക്ക് നൽകിയ നിർദേശം. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആപ്പായ ടിക് ടോക്കിന് നേരത്തെ ഇന്ത്യയിലെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് ചോർത്തുന്നെന്ന് ആരോപിച്ച് 2020ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്.