Tech
Bluesky
Tech

രണ്ട് കോടിയും കടന്ന് ബ്ലൂസ്‌കൈ ഫോളോവേഴ്സ്; എക്‌സിന് പാരയായത് മസ്‌കിന്റെ ട്രംപ് ബന്ധം

Web Desk
|
20 Nov 2024 12:42 PM GMT

യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ പരിപാടികളിൽ മസ്‌ക് സജീവമായതോടെയാണ് വലിയൊരു വിഭാഗം എക്സ് വിട്ട് തുടങ്ങിയത്

ന്യൂയോര്‍ക്ക്: എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സിന്' ഭീഷണിയായേക്കാവുന്ന 'ബ്ലൂസ്‌കൈ'യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു.

20 മില്യണ്‍(2 കോടി) ആളുകളാണ് ഇപ്പോള്‍ 'ബ്ലൂസ്‌കൈയെ പിന്തുടരുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ നിരവധി എക്സ് ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ബ്ലൂസ്‌കൈ' കുതിച്ചുയരുന്നത്.

തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ പരിപാടികളില്‍ മസ്ക് സജീവമായതോടെയാണ് വലിയൊരു വിഭാഗം എക്‌സ് വിട്ട് തുടങ്ങിയത്. ഇങ്ങനെ കൊഴിഞ്ഞുപോയവരാണ് 'ബ്ലൂസ്‌കൈ'യില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന് വേണ്ടി രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുത്താന്‍ എക്‌സിനെ ഇലോണ്‍ മസ്‌ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ അവിടെ നിന്നും പടിയിറങ്ങിയത്.

എക്‌സിനെപ്പോലെ നിറവും ലോഗോയും ഉള്ള ബ്ലൂസ്‌കൈയുടെ പ്രവര്‍ത്തനവും ഏറെക്കുറെ സമാനമാണ്. ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയാണ് 2019ല്‍ ബ്ലൂസ്‌കൈ സൃഷ്ടിച്ചത്. എന്നാല്‍ നിലവില്‍ ജാക്ക് ഡോര്‍സി ബ്ലൂസ്‌കൈയുടെ ഭാഗമല്ല. 2024 മെയ് മാസത്തില്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയ ഡോര്‍സി സെപ്റ്റംബറില്‍ തന്റെ അക്കൗണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കി. യുഎസ് പബ്ലിക് ബെനിഫിറ്റ് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ചീഫ് എക്സിക്യൂട്ടീവായ ജെയ് ഗ്രാബറിന്റെ ഉടമസ്ഥതയിലാണ് ബ്ലൂസ്‌കൈ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

2022 ല്‍ ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തന്നെ വലിയൊരു വിഭാഗം ട്വിറ്ററില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നു. മസ്‌കിന്റെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തന ശൈലിയിലും അസ്വസ്ഥരായ ആളുകളാണ് ഈ രീതിയില്‍ കൊഴിഞ്ഞുപോയത്. വിവിധ വിഷയങ്ങളില്‍ മസ്‌കിന്റെ നിലപാടുകളോടുള്ള എതിര്‍പ്പുകളുടെ ഫലമായാണ് എക്‌സില്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലുണ്ടായ കാരണമാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയവും മസ്‌കിന്റെ പരസ്യമായ രാഷ്ട്രീയ നിലപാടുകളും.

എക്‌സ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനും രംഗത്ത് എത്തിയിരുന്നു. എക്‌സില്‍ 80 ഔദ്യോഗിക അക്കൗണ്ടുകളുള്ള ദി ഗാര്‍ഡിയന് 27 ദശലക്ഷം ഫോളോവര്‍മാരാണ് നിലവിലുള്ളത്. ഈ അക്കൗണ്ടുകളിലൂടെ ഇനി പോസ്റ്റുകളൊന്നും പബ്ലിഷ് ചെയ്യില്ലെന്നാണ് പ്രഖ്യാപനം. വംശീയതയും തീവ്രവലത് ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നതില്‍ എക്‌സ് മുന്നില്‍ നില്‍ക്കുകയാണെന്നാണ് ഗാര്‍ഡിയന്‍ കുറ്റപ്പെടുത്തുന്നത്.

Related Tags :
Similar Posts