'ത്രെഡ്‌സി'ൽ വിരണ്ടോ ട്വിറ്റര്‍? സക്കർബർഗിനെതിരെ കേസ് കൊടുക്കുമെന്ന് മസ്‌കിന്‍റെ വിരട്ടല്‍
|ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി'യാണ് ത്രെഡ്‌സ് എന്ന് വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന് നോട്ടീസ് പങ്കുവച്ച് ഇലോൺ മസ്‌ക് ട്വീറ്റും ചെയ്തിട്ടുണ്ട്
വാഷിങ്ടൺ: മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'ത്രെഡ്‌സ്' വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ പ്രതിയോഗിയായി വിലയിരുത്തപ്പെടുന്ന ആപ്പ് ലോഞ്ച് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും കോടിയിലേറെ പേർ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. അൻപത് ലക്ഷത്തിലേറെ പേർ മൊബൈലിൽ ആപ്പ് ഡൗൺലോഡും ചെയ്തു. ഇപ്പോഴിതാ മെറ്റയ്‌ക്കെതിരെ കേസിനൊരുങ്ങുകയാണ് ട്വിറ്റർ തലവൻ ഇലോൺ മസ്‌ക്.
ത്രെഡ്‌സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് ട്വിറ്റർ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. സ്വന്തം അഭിഭാഷകൻ അലെക്‌സ് സ്പിറോ വഴിയാണ് ട്വിറ്റർ സി.ഇ.ഒ മസ്‌ക് നോട്ടിസ് നൽകിയത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ട്വിറ്റർ കർശനമായി നടപ്പാക്കാൻ പോകുകയാണ് പുറത്തുവന്ന നോട്ടിസില്‍ പറയുന്നു.
ട്വിറ്ററിന്റെ വ്യാപാരരഹസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ രഹസ്യാത്മകമായ വിവരങ്ങൾ ത്രെഡ്‌സിലൂടെ ചോർത്തിയതായും ആരോപണമുണ്ട്. തങ്ങളുടെ ഡിസൈനും ഘടനയും പ്രവർത്തനരീതിയിലുമെല്ലാം അപ്പാടെ പകർത്തിയിരിക്കുകയാണ് ത്രെഡ്‌സിലെന്നാണ് ട്വിറ്റർ ഉയർത്തുന്ന പ്രധാന ആരോപണം.
ട്വിറ്റർ ജീവനക്കാരായിരുന്ന നിരവധി പേരെ ത്രെഡ്‌സ് കമ്പനിയിലെടുത്തിട്ടുണ്ടെന്നും നോട്ടിസില്‍ സൂചിപ്പിക്കുന്നുണ്ട്. ട്വിറ്ററിൻെര വ്യാപാരരഹസ്യവും അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങളുമെല്ലാം അറിയുന്നവരാണ് ഇവർ. കമ്പനിയുടെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽ പലരും തിരിച്ചുനൽകിയിട്ടില്ല. ഇതേ ആളുകളെയാണ് ബോധപൂർവം ത്രെഡ്‌സ് വികസിപ്പിക്കാൻ മെറ്റ ഏൽപിച്ചിരിക്കുന്നത്. ഇവരാണ് വെറും മാസങ്ങൾക്കുള്ളിൽ ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി' പോലെ ത്രെഡ്‌സ് തട്ടിക്കൂട്ടിയിരിക്കുന്നതെന്നും ട്വിറ്ററിന്റെ വ്യാപാരരഹസ്യം വ്യവസ്ഥാപിതവും ബോധപൂർവവും നിയമവിരുദ്ധവുമായി ദുരുപയോഗപ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
കത്ത് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മത്സരമൊക്കെയാകാം, വഞ്ചന അരുതെന്ന കുറിപ്പുമായാണ് കത്തിന്റെ പകർപ്പ് മസ്‌ക് പോസ്റ്റ് ചെയ്തത്. ട്വിറ്ററിന്റെ കത്തിനെക്കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Twitter threatens to sue Meta over Threads app