'വെയിലടിച്ചാൽ നിറം മാറും'; പുതിയ സ്മാർട്ഫോൺ വിപണിയിലെത്തിച്ച് വിവോ
|മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക
സ്മാർട്ഫോൺ നിർമാതാക്കളായ വിവോ പുതിയ സ്മാർട്ഫോണുകളായ വിവോ വി23 5ജി, വിവോ വി23 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തിച്ചു. 29,900 രൂപ മുതൽ 34,990 രൂപവരെയാണ് വി 23 5ജിയുടെ വില. വി 23 പ്രോ 5ജി 38,990 മുതൽ 43,990 രൂപയാണ് വില. സൂര്യപ്രകാശത്തിലെ അൾട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിധ്യംകൊണ്ട് സ്വയം നിറംമാറാൻ കഴിയുന്ന ഫ്ലൂറൈറ്റ് ആന്റി ഗ്ലെയർ ഗ്ലാസ്സാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക. യുഎഫ്എസ് 2.2 സപ്പോർട്ടോടു കൂടിയ 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. 1,080x2,400 പിക്സൽ സാന്ദ്രതയോടെയുള്ള 6.44 ഇഞ്ച് ഫുൾ എച്ച് ഡി+ അമോലെഡ് ഡിസ്പ്ലേയും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4200mAh ബാറ്ററിയുമാണ് വിവോ വി23 5ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിവോ വി 23 പ്രോ 5ജിയിൽ മീഡിയടെക്കിന്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് പ്രോസസ്സറായ ഡൈമെൻസിറ്റി 1200 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് കമ്പനി നൽകിയിരിക്കുന്നത്. 1,080x2,376 പിക്സൽ സാന്ദ്രതയോടെയുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 4300mAh ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.