ഫ്ലിപ്ക്കാർട്ടിലെ കൂടുതൽ ഓഹരികൾ സ്വന്തമാക്കി വാൾമാർട്ട്
|ഫ്ലിപ്ക്കാർട്ടിലെ ടൈഗർ ഗ്ലോബലിന്റെ ഓഹരികളാണ് 140 കോടി ഡോളറിന് വാൾമാർട്ട് സ്വന്തമാക്കിയത്
അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്ക്കാർട്ടിലെ കൂടതൽ ഓഹരികൾ സ്വന്തമാക്കുന്നു. ഫ്ലിപ്ക്കാർട്ടിലെ ടൈഗർ ഗ്ലോബലിന്റെ ഓഹരിക്കാളാണിപ്പോൾ വാൾമാർട്ട് ഏറ്റെടുക്കുന്നത്. ഇതിനായി 140 കോടി ഡോളർ മുടക്കിയെന്നാണ് റിപ്പോർട്ട്.
ഈ ഇടപാടോടെ ഫ്ലിപ്ക്കാർട്ടിന്റെ മൂല്യം 35 ബില്ല്യൺ ഡോളറാകും. അതേസമയം ഇടപാട് നടന്നതായി വാൾമാർട്ട് വക്താവ് സ്ഥിരീകരിച്ചെങ്കിലും സാമ്പത്തിക പരമായ കാര്യങ്ങൾ പങ്കുവെക്കാൻ അവർ തയ്യാറായില്ല.
ഫ്ലിപ്ക്കാർട്ടിന്റെ ഭാവിയിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഇന്ത്യയിൽ കൂടുതൽ അവസരങ്ങളുള്ളതിനാലാണ് നിക്ഷേപം നടത്തുന്നതെന്നും വാൾമാർട്ട് വക്താവ് പറഞ്ഞു.
ഫ്ലിപ്ക്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. 2018ൽ എകദേശം 1,600 കോടി ഡോളറിനാണ് വാൾമാർട്ട് ഇത് സ്വന്തമാക്കിയത്. ഫ്ലിപ്ക്കാർട്ടിന്റെ ആദ്യകാല നിക്ഷേപകരിൽ ഒന്നായ ടൈഗർ ഗ്ലോബലിന് നാല് ശതമാനം ഓഹരികളാണുള്ളത്.