![What to do if you lose your mobile phone?; Kerala Police with suggestions What to do if you lose your mobile phone?; Kerala Police with suggestions](https://www.mediaoneonline.com/h-upload/2023/08/22/1385145-phone.webp)
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?; നിർദേശങ്ങളുമായി കേരള പൊലീസ്
![](/images/authorplaceholder.jpg?type=1&v=2)
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്
തിരുവനന്തപുരം: മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പൊലീസിൽ പരാതി നൽകുക, സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വാകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.
എത്രയും പെട്ടെന്ന് പരാതി നൽകുക
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പോ തുണ വെബ് പോർട്ടലോ ഇതിനായി ഉപയോഗിക്കാനാകും. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി നൽകണം.
സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. അതുപോലെ ഫോൺ നമ്പർ ദൂരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.
നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യുക
ഇതിനായി https://www.google.com/android/find/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചു കൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഇതുവഴി ഫോൺ റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പുർണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ബാങ്ക് അക്കൗണ്ട്, പാസ്‌വേർഡ് എന്നിങ്ങനെയുള്ള സ്വകാര്യവിവരങ്ങൾ ഫോണിൽ സുക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ഫോൺ ബ്ലോക്ക് ചെയ്യാൻ
ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം, തീയ്യതി, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെപകർപ്പ് എന്നിവ നൽകണം. തുടർന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും നല്കി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷയിൽ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറിൽ തന്നെ നിങ്ങൾ നൽകിയ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ആ ഫോണിൽ പ്രവർത്തിക്കുകയില്ല. എന്നാൽ ഇത്തരത്തിൽ ഫോൺ ബ്ലോക്ക് ചെയ്താലും അത് ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.
ബ്ലോക്ക് ചെയ്ത ഫോൺ തിരിച്ചുകിട്ടിയാൽ
ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാം. വെബ് സൈറ്റിൽ അതിനായുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ സാധിക്കും.
ഫോണിലെ ഐ.എം.ഇ.ഐ നമ്പറുകൾ എങ്ങനെ കണ്ടെത്താം?
രണ്ട് സിംകാർഡ് സ്ലോട്ടുകളുള്ള ഫോണുകൾക്ക് രണ്ട് ഐ.എം.ഇ.ഐ നമ്പറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേർതിരിച്ച് അതിൽ കാണാം. പാക്കേജ് ബോക്സ് ഇതിനായി സൂക്ഷിക്കണം. ഫോൺ വാങ്ങിയ ഇൻവോയ്സിലും ഐ.എം.ഇ.ഐ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഫോൺ നഷ്ടപ്പെടുമ്പോൾ ഈ നമ്പറുകൾ ഉപകരിക്കുന്നതാണ്. ഇതിനാൽ ഇത് സൂക്ഷിച്ചുവെയ്ക്കണം. ഫോണിൽ നിന്ന് *#06# എന്ന് ഡയൽ ചെയ്താൽ ഐഎംഇഐ നമ്പറുകൾ കാണാൻ സാധിക്കും.