Tech
WhatsApp is not planning to shut service in India
Tech

'ഇന്ത്യയിലെ സേവനങ്ങൾ നിർത്തുമെന്ന്‌ വാട്സ്ആപ്പ് പറഞ്ഞിട്ടില്ല': കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്‌

Web Desk
|
29 July 2024 10:31 AM GMT

ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്‍ഖയുടെ ചോദ്യം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ വാട്സ്ആപ്പിന് പദ്ധതിയൊന്നുമില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്.

കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാട്‌സ്ആപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്‍ഖയുടെ ചോദ്യം.

എന്നാല്‍ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, സംസ്ഥാനങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവ മുൻനിർത്തിയാണ് സർക്കാര്‍ ഇത്തരത്തിലുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രം അറിയുന്ന സവിശേഷതയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന പുതിയ ഐടി നിയമത്തിലെ വ്യവസ്ഥക്കെതിരെയാണ് മെറ്റ കോടതിയെ സമീപിച്ചിരുന്നത്. അതേസമയം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറുള്ളതുകൊണ്ടാണ് ആളുകള്‍ കൂടുതലായും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് മെറ്റ വാദിക്കുന്നത്.

2024ലെ പുതിയ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സജീവ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. പ്രതിമാസം 535.8 ദശലക്ഷം സജീവ ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.

Related Tags :
Similar Posts