കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
|'മെറ്റീരിയൽ ഡിസൈൻ ത്രീ' മാർഗനിർദേശമനുസരിച്ച് അടിമുടി മാറാനൊരുങ്ങി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് മികച്ച സേവനമൊരുക്കാൻ അടിമുടി മാറ്റവുമായി വാട്സ്ആപ്പ്. അടുത്തിടെ ചാറ്റ്ലോക്ക്, സ്റ്റാറ്റസ് ടെക്സ്റ്റ് ഓവർലെ, ജിഫ് ഓട്ടോ പ്ലേ തുടങ്ങീ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ അപ്ഡേറ്റുകളറിയാം.
ഇതിൽ പ്രധാനമായും യൂസർഇന്റർഫേസ് 'മെറ്റീരിയൽ ഡിസൈൻ ത്രീ' മാർഗനിർദേശമനുസരിച്ച് റീഡിസൈൻ ചെയ്യുമെന്നുളളതാണ്. റീഡിസൈൻഡ് സ്വിച്ചുകളും ഫ്ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് ഈ മേഖലയിൽ വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. നിലവിൽ ഈ ഫീച്ചറുകളിൽ ചിലത് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് മെയിൻ ടാബുകൾ താഴേക്ക് ക്രമീകരിച്ച് ലേ ഔട്ടിൽ മാറ്റം വരുത്തിയിരുന്നു.
നിരവധി ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന അപ്ഡേറ്റാണ് 'സൈലൻസ് അൺനോൺ കോൾസ്' എന്നുള്ളത്. അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ എനേബിൾ ചെയ്താൽ കോൺടാക്ട് ലിസിറ്റിൽ ഇല്ലാത്തവർ വിളിച്ചാൽ ഫോൺ സൈലന്റിലാവും. അതേസമയം നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതിനാൽ കോൾ മിസ്സായി പോകുന്ന സാഹചര്യം ഉണ്ടാവില്ല. സെറ്റിങ്ങ്സിലെ പ്രൈവസി ടാബിൽ കോൾസ് തിരഞ്ഞെടുത്ത് 'സൈലൻസ് അൺനോൺ കോളേഴ്സ് ഓപ്ഷൻ എനേബിൾ ചെയ്യാൻ സാധിക്കും.
ഇത് കൂടാതെ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസിൽ ഉപയോഗിക്കാവുന്ന സ്ക്രീൻ ഷെയർ ഫീച്ചറാണ് മറ്റൊരു അപ്ഡേറ്റ്. ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ക്യു ആർ കോഡിന്റെ സഹായത്തോടെ ഈ ഫീച്ചർ ഉപയോഗിക്കാനാവും.
ഇതുപോലെ ഒരു സിംഗിൾ ഡിവൈസിൽ തന്നെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന മൾട്ടി അകൗണ്ട് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഇനി മുതൽ മെറ്റ ക്വസ്റ്റ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്.
ഇതിന് മുമ്പ് വിയർ ഓ.എസ് സ്മാർട്ട് വാച്ചുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാവുന്ന അപ്ഡേറ്റ് കമ്പനി പുറത്ത് വിട്ടിരുന്നു. പുതുതായി അവതരിപ്പിച്ച അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാവുന്ന ഓപ്ഷന് നല്ല പ്രതികരണമാണ് ലഭിച്ചത്.