Tech
ജൂൺ മാസത്തിൽ വാട്‌സാപ് നിരോധിച്ചത് 22 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ; കാരണം ഇതാണ്
Tech

ജൂൺ മാസത്തിൽ വാട്‌സാപ് നിരോധിച്ചത് 22 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ; കാരണം ഇതാണ്

Web Desk
|
4 Aug 2022 3:26 AM GMT

ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്

ജൂണിൽ 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സാപിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച 'നെഗറ്റീവ് ഫീഡ്ബാക്കിനുള്ള' പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വാട്‌സാപ് അറിയിച്ചു. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടിൽ ജൂൺ 1 മുതൽ 30 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഉൾപ്പെടുന്നത്. ജൂണിൽ ഇന്ത്യയിൽ നിന്ന് മൊത്തം 632 പരാതികൾ ലഭിച്ചു, ഇതിൽ 24 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു.

കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കുമെന്ന് വാട്‌സാപ് നേരത്തേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും മറ്റും ഒരു ഉപയോക്താവ് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ വാട്‌സാപ് അക്കൗണ്ടുകൾ നിരോധിക്കും.

ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്താണ് 64 അക്കൗണ്ടുകൾ നിരോധിച്ചതെന്നും കമ്പനി അറിയിച്ചു. മെയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സാപ് നിരോധിച്ചത്.

വാട്‌സാപ്പിന്റെ കംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ, ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്‌സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്‌നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം.

വാട്‌സാപ് പ്രത്യേകിച്ച് പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം തെറ്റായ പ്രവർത്തനങ്ങൾ ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് കമ്പനി വിശ്വസിക്കുന്നു, അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് നേരത്തേ കൈകാര്യം ചെയ്യുന്നതാണെന്നും കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Tags :
Similar Posts