ഗ്രൂപ്പ് ചാറ്റിൽ പ്രൊഫൈൽ ചിത്രം കാണാം: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ്
|ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം
നിരന്തരം പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചാറ്റ് ലിസ്റ്റിൽ തന്നെ കാണാൻ സാധിക്കുന്നതായിരുന്നു വാട്‌സ്ആപ്പ് ഏറ്റവും ഒടുവിലായി കൊണ്ടുവന്ന മാറ്റം.
ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ അംഗങ്ങളുടെ ഫോട്ടോയും ദൃശ്യമാകുന്ന ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന WABeta info എന്ന വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരമുളളത്. വാട്‌സ്ആപ്പ് ബീറ്റ iOS 22.18.0.72 ൽ ഈ ഫീച്ചർ എത്തിയതായാണ് റിപ്പോർട്ട് നൽകുന്ന സൂചന. ഏറെ നാളായി ആവശ്യമുയരുന്ന ഫീച്ചർ ആണെന്ന വിശേഷണത്തോട് കൂടിയാണ് വെബ്‌സൈറ്റ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപ്‌ഡേറ്റ് വ്യക്തമാക്കുന്ന ഒരു സ്‌ക്രീൻഷോട്ടും റിപ്പോർട്ടിലുണ്ട്.
ഈ ഓപ്ഷൻ ഡിസേബിൾ ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന വിവരം. ഫീച്ചർ എല്ലാവരിലുമെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ വാട്‌സ്ആപ്പ് നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയ്ഡിലെ ബീറ്റ വേർഷനിലും പരീക്ഷിച്ച ശേഷമാവും ഫീച്ചർ പ്രത്യക്ഷമാവുക. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള സവിശേഷത വാട്‌സ്ആപ്പ് അവതരിപ്പിക്കുകയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.