ഒരു മാസത്തെ മൊബൈൽ റിച്ചാർജിൽ എന്തുകൊണ്ട് 28 ദിവസം മാത്രം വാലിഡിറ്റിയുള്ളൂ?
|ഫെബ്രുവരിക്ക് പുറമേ 30, 31 ദിവസങ്ങളുള്ള മാസത്തിലും 28 തന്നെയാണ് വാലിഡിറ്റി ലഭിക്കുക
ഒരു മാസത്തേക്ക് പ്രീപെയ്ഡ് മൊബൈൽ റിച്ചാർജ് ചെയ്താൽ 28 ദിവസമാണ് നമുക്ക് വാലിഡിറ്റി ലഭിക്കുന്നത്. ഫെബ്രുവരിക്ക് പുറമേ 30, 31 ദിവസങ്ങളുള്ള മാസത്തിലും ഇത്രദിവസം തന്നെയാണ് വാലിഡിറ്റി ലഭിക്കുക. മാസംതോറും റീച്ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾ വർഷത്തിൽ 13 വട്ടം റീച്ചാർജ് ചെയ്യേണ്ടി വരുമെന്നതാണ് ഈ തരത്തിൽ ദിവസം ക്രമീകരിക്കുന്നത് കൊണ്ട് സംഭവിക്കുന്നത്.
12 മാസത്തിൽ 28 ദിവസം മാത്രം ഉപഭോക്താവിന് ലഭിക്കുമ്പോൾ, വർഷത്തിലെ 365 ദിവസത്തിൽ നിന്ന് ബാക്കിയുള്ള 29 ദിവസത്തേക്ക് കൂടി അവർ റീച്ചാർജ് ചെയ്യേണ്ടി വരികയാണ്. ഇതുവഴി ജിയോ, എയർടെൽ, വിഐ തുടങ്ങിയ കമ്പനികളൊക്കെ ഒരു മാസത്തെ അധികവരുമാനം നേടുന്നു.
ജൂലൈ 2022 ലെ കണക്കുകൾ പ്രകാരം എയർടെല്ലിന് 35.48 കോടി ഉപഭോക്താക്കളാണുള്ളത്. അവർ 28 ദിവസത്തേക്കുള 179 രൂപയുടെ പ്ലാൻ വഴി റീച്ചാർജ് ചെയ്താൽ കമ്പനിക്ക് 6350 കോടി രൂപ ലഭിക്കും. 40.8 കോടി ഉപഭോക്താകളുള്ള ജിയോക്ക് 8527 കോടി രൂപയാണ് കയ്യിലെത്തുക. ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള ത്രൈമാസ പ്ലാനുകൾ 336 ദിവസത്തെ കാലാവധിയാണ് നൽകുക. ഇതും സമാനഗതിയാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.
28 ദിവസത്തേക്കുള്ള വിവിധ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനികൾക്കനുസരിച്ച് മാറ്റമുണ്ട്. ജിയോയിൽ 209, 239, 299, 419 എന്നിങ്ങനെയാണ് 28 ദിവസ പ്ലാനുകൾ. എയർടെല്ലിൽ 179, 265, 299, 359, 399, 449 എന്നിങ്ങനെയാണ് പ്ലാനുകൾ. 299, 399, 499, 601 എന്നിങ്ങനെയാണ് വി.ഐ പ്ലാനുകൾ.
പ്രതിമാസ പ്ലാനുകൾ നൽകുന്ന കമ്പനികൾ ഒരു മാസത്തെ വാലിഡിറ്റി നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടിട്ടുണ്ട്. ഇതനുസരിച്ചാണ് 259 രൂപയുടെ പ്ലാൻ ജിയോ ഇറക്കിയത്. എയർടെല്ലിനും വി.ഐക്കും ഇത്തരം പദ്ധതികളുണ്ട്.
Why is there only 28 days validity in one month mobile recharge?