ഓർമയില്ലേ ഈ ലോഗോ...തിരിച്ചുവരവിനൊരുങ്ങി വിൻആംപ്
|ഇന്നും 80 മില്യൺ കമ്പ്യൂട്ടറിൽ വിൻആംപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നത്.
1997 മുതൽ 2010 വരെയെങ്കിലും കമ്പ്യൂട്ടർ ലോകമെമ്പാടുമുള്ള ഉപയോക്തക്കളുടെ നൊസ്റ്റാൾജിയയിൽ പെടുന്ന ഒരു സോഫ്റ്റ് വെയറാണ് വിൻആംപ് (Winamp). വിൻഡോസ് മീഡിയ പ്ലെയർ അടക്കിവാണിരുന്ന മ്യൂസിക്ക് പ്ലെയറുകളുടെ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് പത്തുവർഷത്തോളം ലോകത്തെ പാട്ട് കേൾപ്പിച്ച സോഫ്ഫ്റ്റ് വെയർ.
പിന്നീട് ടെക് ലോകത്തെ വൻമാറ്റങ്ങളിൽ വിൻആംപ് പിന്തള്ളപ്പെട്ടുപോയെങ്കിലും ഇന്നും ഒരു തലമുറയുടെ ഓർമയിൽ മഞ്ഞനിറത്തിലുള്ള അവരുടെ ലോഗോയും പ്ലെയർ യുഐയുമെല്ലാം നല്ല തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട്. ഇന്നും 80 മില്യൺ കമ്പ്യൂട്ടറിൽ വിൻആംപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നത്.
ഇപ്പോളിതാ ഈ സ്പോട്ടിഫൈയുടെ ഇക്കാലത്ത് ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ് വിൻആംപ്. പഴയ ലോഗോ മാറ്റി കാലഘട്ടത്തിനുസരിച്ച് ഓൺലൈൻ മ്യൂസിക്ക്, പോഡ്കാസ്റ്റ് സ്ട്രീമിങുമായാണ് സോഫ്റ്റ് വെയറിന്റെ രണ്ടാം വരവ്. ആദ്യതലമുറ വിൻആംപ് വിൻഡോഡ് കമ്പ്യൂട്ടറിൽ മാത്രമായിരുന്നെങ്കിൽ ഇത്തവണ മൊബൈലുകളിലേക്കാണ് വിൻആംപിന്റെ വരവ്.
ഇപ്പോൾ ' വിൻആംപ് ഫോർ ദി നെക്സ്റ്റ് ജനറേഷൻ ' എന്ന ടാഗ് ലൈനോട് കൂടിയ വെബ്സൈറ്റിൽ ആപ്പിന്റെ ബീറ്റ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കലാകാരൻമാരെയും ക്രീയേറ്റർമാരെയും വിൻആംപ് ക്ഷണിച്ചിട്ടുണ്ട്.