കരുതിയിരിക്കുക!;'വിന്‍ഡോസ് 11' ഓഎസിന്റെ പേരില്‍ പുതിയ മാല്‍വെയര്‍
|അപകടകരമായ കോഡുകള്‍ ഹാക്കര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായ ജാവാ സ്ക്രിപ്റ്റും ചേര്‍ത്തതാണ് ഫയല്‍
ഉപഭോക്താക്കള്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ വിന്‍ഡോസ് 11 പുറത്തിറങ്ങുന്നതിന് മുമ്പ് ചില ഹാക്കര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു മാല്‍വെയര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ അനോമലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു മൈക്രോസോഫ്റ്റ് വേര്‍ഡ് ഫയല്‍ രൂപത്തിലാണ് മാല്‍വെയര്‍ പ്രചരിക്കുന്നത്. അപകടകരമായ കോഡുകളും ഹാക്കര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായ ജാവാ സ്ക്രിപ്റ്റും ചേര്‍ത്തതാണ് ഫയല്‍.
ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സൈബര്‍ കുറ്റവാളി സംഘമായ ഫിന്7 ആണെന്നാണ് കരുതപ്പെടുന്നത്. ലോകോത്തര സ്ഥാപനങ്ങളെയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഇതിന് മുമ്പും സൈബറാക്രമണത്തിലൂടെ 100 കോടിയിലേറെ ഡോളറിന്റെ നഷ്ടം പല കമ്പനികള്‍ക്കും ഫിന്7 ഉണ്ടാക്കിയിട്ടുണ്ട്.
വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കാര്യമായി അറിവില്ലാത്തവരെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഇ-മെയില്‍ വഴിയാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഒക്ടോബര്‍ അഞ്ചിനാണ് വിന്‍ഡോസ് 11 പുറത്തിറക്കുന്നത്.