മീൻവലകളിൽ നിന്ന് ഫോൺ; വിപ്ലവകരമായ മാറ്റത്തിലേക്ക് സാംസങ്
|നാളെ നടക്കുന്ന 'ഗാലക്സി അൺപാക്ക്ഡ് 2022' എന്ന പരിപാടിയിലാണ് ഗാലക്സി എസ് 22 പരമ്പര ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കുക
ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ഗാലക്സി എസ് 22 സീരീസിലൂടെ വിപ്ലവകരമായ മാറ്റത്തിലേക്ക് കാലെടുത്തുവെച്ച് സാംസങ്. നാളെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഗ്യാലക്സി എസ് 22 ഫോണുകളില്‍ ഒരു പ്രത്യേക തരം പ്ലാസ്റ്റിക് അവതരിപ്പിക്കുമെന്നതാണ് ട്വിസ്റ്റ്. കടലില്‍ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളില്‍ നിന്ന് നിര്‍മിക്കുന്ന പ്ലാസ്റ്റിക്കാണിതെന്നതാണ് പ്രത്യേകത.
വര്‍ഷാ വര്‍ഷം കടലിലേക്ക് വലിച്ചെറിയപ്പെടുന്ന 640,000ത്തോളം ടണ്‍ മത്സ്യബന്ധന വലകള്‍ ഉയര്‍ത്തുന്ന ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുമെന്നും സാംസങ് വ്യക്തമാക്കുന്നു.
കടലിലെ ഉപേക്ഷിക്കപ്പെട്ട മീന്‍വലകള്‍ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഇവ വന്‍ തോതില്‍ പവിഴപ്പുറ്റുകളെ നശിപ്പിക്കുന്നതായും സാംസങ് ചൂണ്ടിക്കാട്ടുന്നു. ഈ 'പ്രേത വലകള്‍' ശേഖരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുകയാണ് ഉദ്ദേശമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
നാളെ നടക്കുന്ന ഗാലക്സി അണ്‍പാക്ക്ഡ് 2022 എന്ന പരിപാടിയിലാണ് ഗാലക്സി എസ് 22 പരമ്പര ഫോണുകള്‍ ഔദ്യോഗികമായി അവതരിപ്പിക്കുക. മൂന്ന് പതിപ്പുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഗാലക്സി എസ് 22, ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എസ് 22 അള്‍ട്ര എന്നിവയാണവ.
സാംസങിന്റെ പ്രീമിയം ആന്‍ഡ്രോയിഡ് ടാബുകളായ ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ്, ഗാലക്സി ടാബ് എസ്8 അള്‍ട്ര എന്നിവയും ഈ പരിപാടിയില്‍ പുറത്തിറക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 8.30 നാണ് പരിപാടി. അതേസമയം, മെറ്റാവേഴ്സിലും പരിപാടി സംഘടിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ 'സാംസങ് 837എക്സ്' എന്ന വിര്‍ച്വല്‍ വേദി സന്ദര്‍ശിക്കണം.