എക്സിൽ ഇനി വാർത്തകളുടെ തലക്കെട്ട് കാണിക്കില്ല; അടിമുടി മാറ്റവുമായി ഇലോൺ മസ്ക്
|പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഇലോൺ മസ്ക് പറഞ്ഞു
പ്ലാറ്റ്ഫോമിൽ വാർത്തകൾ കാണിക്കുന്നതിൽ മാറ്റങ്ങൾ വരുത്തി എക്സ്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എകസിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. പോസ്റ്റിന് കൂടെ വാർത്താവെബ്സൈറ്റ് പങ്കുവെക്കുന്ന കുറിപ്പാണ് പോസ്റ്റിന്റെ ക്യാപ്ഷനായി കാണിക്കുക. ഇതിനൊപ്പം ചിത്രത്തിന്റെ ഇടത് ഭാഗത്ത് താഴെയായി വാർത്താ വെബ്സൈറ്റിന്റെ ഡൊമൈൻ കാണിക്കും.
വായനക്കാരൻ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ആ വാർത്ത വായിക്കാനാകും. ഈ അപ്ഡേറ്റിലൂടെ സാധാരണ ഫോട്ടോ പോസ്റ്റുകളും വാർത്തകളും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാകും. എന്നാൽ പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ ഇത് സഹായകമാകുമെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ബുധനാഴ്ച മുതലാണ് ഈ മാറ്റം അവതരിപ്പിച്ചത്. ഐ.ഓ.എസ് ആപ്പിലും വെബ്സൈറ്റിലും ഈ മാറ്റം നിലവിൽ വന്നിട്ടുണ്ട്. ട്വിറ്റർ റീബ്രാൻഡ് ചെയ്തതിന് ശേഷം കെട്ടിലും മട്ടിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മസ്ക്. എകസ് പൂർണമായും സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനമാക്കി മാറ്റാനുള്ള ആലോചനകൾ നടക്കുന്നതായി മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.