'ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ': 2023ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇവയാണ്
|എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആദ്യം ഓടുന്നത് ഗൂഗിലേക്കാണ് അല്ലേ! മനസ്സിൽ വന്ന പാട്ട് ഏതാണെന്ന് അറിയില്ലെങ്കിൽ ഒന്ന് മൂളിക്കൊടുത്താൽ മാത്രം മതി പാട്ടിന്റെ ചരിത്രമടക്കം മുന്നിലെത്തിക്കും ഗൂഗിൾ. ഈ വർഷം അവസാനിക്കാറാകുമ്പോൾ ഗൂഗിളെക്കൊന്ന് തിരിഞ്ഞുനോക്കിയാലോ? 2023ൽ ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുടെ പട്ടിക പുറത്തിരിക്കുകയാണ് ഗൂഗിൾ.
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത്. ചാറ്റ് ജിപിടിയും മുന്നിൽ തന്നെയുണ്ട്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിട്ട ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 3 ദൗത്യം 2023 ആഗസ്റ്റ് 23നാണ് വിജയം കണ്ടത്. പിന്നാലെ, ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു. ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ വിജയം വാർത്താ തലക്കെട്ടിൽ, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര എന്നിങ്ങനെയായിരുന്നു തിരയലുകൾ.
വാട്ട് ഈസ് എന്ന് തുടങ്ങുന്ന സെർച്ച് ക്വറികൾ ഏറെയും ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതായിരുന്നു. ബഹുരാഷ്ട്ര കൂട്ടായ്മയെക്കുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ തുറന്നുകാട്ടുന്നതായിരുന്നു ജി20 ടാഗിലെ തിരയലുകൾ. കൂടാതെ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സിവിൽ കോഡ് ചർച്ചകൾ തുടങ്ങിയ ദേശീയസംഭവങ്ങളിലും ഇസ്രായേൽ ആക്രമണം, തുർക്കി ഭൂകമ്പം എന്നിങ്ങനെ ആഗോള വാർത്തകളിലും ആളുകൾ താല്പര്യം പ്രകടിപ്പിച്ചു.
എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. അന്തരിച്ച ഫ്രണ്ട്‌സ് സീരീസ് താരം മാത്യു പെറിയെ കുറിച്ചും മണിപ്പൂർ, ഒഡീഷ ട്രെയിൻ അപകടം എന്നിവയും ഗൂഗിൾ സെർച്ച് ഹിറ്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഹൗ ടു ടാഗില്‍ പതിവുപോലെ ചർമസംരക്ഷണവും മുടിയുടെ ആരോഗ്യസംരക്ഷവും പോലെയുള്ള സൗന്ദര്യ വർധക ടൈപ്പുകളായിരുന്നു ആളുകൾക്ക് ആവശ്യം. സൂര്യാഘാതം തടയുന്നത് മുതൽ തൊട്ടടുത്തുള്ള ജിമ്മിന്റെ വഴിയന്വേഷിച്ച് എത്തിയവരും കൂട്ടത്തിൽ മുന്നിലുണ്ട്. എങ്ങനെ യൂട്യൂബിൽ 5K സബ്സ്ക്രൈബേർസ് നേടാം എന്ന തിരയൽ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർ ഇക്കോസിസ്റ്റത്തിന്റെ വികസനത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഗൂഗിൾ പറയുന്നു.
ക്രിക്കറ്റ് ലോകകപ്പ് ട്രെൻഡിങ് ലിസ്റ്റിലുണ്ട്. ശുഭ്മാന്‍ ഗില്ലും ന്യൂസിലാൻഡ് ക്രിക്കറ്റർ രച്ചിന്‍ രവീന്ദ്രയും ആണ് ഗൂഗിളിലെ ട്രെൻഡിങ് ക്രിക്കറ്റ് താരങ്ങൾ. ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം 'ജവാൻ' ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രം. അന്തർദേശീയ തലത്തിൽ കൂടുതൽ ആളുകൾ തിരഞ്ഞ മൂന്നാമത്തെ ചിത്രം കൂടിയാണ് ജവാൻ. ഗദ്ദർ 2, പത്താൻ എന്നിവയും ട്രെൻഡിങ് സിനിമകളുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി 'സോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ' എന്ന ഡയലോഗ് പറയാത്ത ആളുകൾ ഉണ്ടാവില്ല. മലയാളികളടക്കം ഏറ്റെടുത്ത് ഹിറ്റായ ഒന്നാണ് സംരഭകയായ ഭൂപേന്ദ്ര ജോഗിയുടെ ഈ മീം. തമാശ മീമുകളിൽ ടോപ് ലിസ്റ്റിലാണ് ഇത് ഇടംപിടിച്ചിരിക്കുന്നത്. 'മോയെ, മോയെ' ഗാനമാണ് ആളുകൾ തിരഞ്ഞ മറ്റൊന്ന്.