എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും; സൂചനയുമായി മസ്ക്
|വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നത്
എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമെന്ന സൂചനയുമായി ഇലോൺ മസ്ക്. ഇതോടെ സൗജന്യമായി ലഭിക്കുന്ന എക്സിന്റെ സേവനം ലഭ്യമാകാൻ പ്രതിമാസം ഒരു ചെറിയ തുക വരിസംഖ്യയായി നൽകേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നതെന്നാണ് മസ്കിന്റെ വാദം. എന്നാൽ പ്രതിമാസം എത്ര രൂപ നൽകേണ്ടി വരുമെന്ന് മസ്ക് വ്യക്തമാക്കിയില്ല.
എ.ഐയുടെ ഭീഷണികളെ കുറിച്ചും അത് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചക്കിടെയാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം എക്സിന് ഇപ്പോൾ 55 കോടി പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും ദിവസേന 10 കോടി മുതൽ 20 കോടി വരെ പോസ്റ്റുകൾ പ്ലാറ്റഫോമിൽ പങ്കുവെക്കപ്പെടുന്നുണ്ടെന്നും മസ്ക് പങ്കുവെച്ചു.
എന്നാൽ ഇതിൽ എത്ര യഥാർത്ഥ ഉപയോക്താക്കളുണ്ടെന്നും എത്ര ബോട്ടുകളാണെന്നും മസ്ക് വ്യക്തമാക്കിയില്ല. മാത്രമല്ല പഴയ ട്വിറ്ററുമായുള്ള താരതമ്യത്തിനും മസ്ക് തയ്യാറായില്ല. നിലവിൽ എക്സ് പ്രീമിയം എന്ന പോരിൽ ഒരു പെയ്ഡ് സബ്സ്ക്രിപ്ഷൻ സേവനം എക്സ് നൽകുന്നുണ്ട്. അടുത്തിടെ പ്രീമിയം വരിക്കാർക്ക് ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ സേവനവും എക്സ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ അക്കൗണ്ടുകൾക്ക് കൂടുതൽ വിശ്വാസ്യതയും വിസിബിലിറ്റിയും ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.