യൂട്യൂബിലൂടെ മാസം ലക്ഷങ്ങൾ വരുമാനം നേടാം; മികച്ച വഴികളുമായി കമ്പനി
|ഏത് തരം ഉള്ളടക്കമാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വഴികളും കമ്പനി മുന്നോട്ടുവെക്കുന്നു
യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിന് സന്തോഷകരമായ നീക്കവുമായി കമ്പനി. വീഡിയോകള്‍ക്ക് റീച്ച് വര്‍ധിപ്പിക്കാനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള വഴികളാണ് കമ്പനി അവതരിപ്പിക്കുന്നത്. ടിക്ക് ടോക്കില്‍ നിന്ന് പകര്‍ത്തിയ ഹ്രസ്വ വീഡിയോ എന്ന ആശയത്തിന് യുട്യൂബില്‍ കാഴ്ചക്കാരേറെയാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ടൂളുകളാണ് യൂട്യൂബ് വാഗ്ദാനം ചെയ്യുന്നത്.
നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് അവരുടെ വീഡിയോയുടെ ട്രെയിലറോ, പ്രധാനപ്പെട്ട ഭാഗമോ റിലീസ് ചെയ്യുന്നതിനായി രണ്ടാമതൊരു ഷോർട്ട്സ് ചാനൽ ആരംഭിക്കുന്നുണ്ട്. ഷോർട്ട്സ് ചാനൽ വഴി കൂടുതൽ പേരെ പ്രധാന ചാനലിലേക്കെത്തിക്കാൻ സാധിക്കും. ഷോർട്ട്സിനായി പുതിയ വിഡിയോ ഇഫക്റ്റുകളും എഡിറ്റിങ് ടൂളുകളും ചേർക്കാനാണ് യൂട്യൂബിന്റെ പദ്ധതി. ഇതിലൂടെ മികച്ച ഹ്രസ്വ വിഡിയോകൾ വേഗത്തില്‍ സൃഷ്ടിക്കാനാകും.
ഷോർട്ട് വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും അവതരിപ്പിക്കും. ഇൻസ്റ്റഗ്രാമിന്റെ 'റീൽസ് വിഷ്വൽ റിപ്ലൈസിന്' സമാനമാകും ഇത്. പോസ്റ്റ് ചെയ്ത ഒരു റീലിൽ ഉപയോക്താവ് കമന്റ് ചെയ്താൽ ആ വ്യക്തിക്ക് വിഡിയോ സഹിതം മറുപടി നൽകാൻ സാധിക്കും. ടിക് ടോക്ക് തന്നെയായിരുന്നു ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത്.
ബ്രാൻഡ്കണക്റ്റ് വഴി ബ്രാൻഡഡ് ഉള്ളടക്കം നിർമിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും യൂട്യൂബിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഇത് സൂപ്പർ ചാറ്റിനെ ഷോർട്ട്സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോർട്ട്സിൽ നിന്ന് ഷോപ്പ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരികയും ചെയ്യും.
ഏത് തരം ഉള്ളടക്കമാണ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നവര്‍ നിരവധിയുണ്ടെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാനായി യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് പുതിയ സ്ഥിതിവിവരക്കണക്കുകൾ ചേർക്കും. പ്രേക്ഷകര്‍ ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസിലാക്കാനും പുതിയ ആശയങ്ങള്‍ തിരിച്ചറിയാനും ഇത് കണ്ടന്റ് ക്രിയേറ്റേഴ്സിനെ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം.