ഇനി ആപ്പിള്‍ വാച്ചില്‍ കോള്‍ ചെയ്യാം, സ്വീകരിക്കാം, സ്വതന്ത്രമായി
|സമയം അറിയാനുള്ള ഉപകരണം എന്നതിനപ്പുറമുള്ള സാധ്യതകള്‍ തുറന്നുകാട്ടിയാണ് ആപ്പിള്‍ വാച്ച് ലോകത്തിനു മുമ്പില്‍ അവതരിച്ചത്.
സമയം അറിയാനുള്ള ഉപകരണം എന്നതിനപ്പുറമുള്ള സാധ്യതകള്‍ തുറന്നുകാട്ടിയാണ് ആപ്പിള്‍ വാച്ച് ലോകത്തിനു മുമ്പില്‍ അവതരിച്ചത്. ഓഡിയോ മെസേജ് അയക്കാനും സ്വീകരിക്കാനും സിരിയോട് സംസാരിക്കാനും ഫിറ്റ്‍നെസ് ആപ്പുകളും ആപ്പിള്‍ ടിവിയുടെ റിമോട്ട് കണ്‍ട്രോളായും കീലെസ് എന്‍ട്രിക്കും എന്നുവേണ്ട ഐഫോണുമായി ബന്ധിപ്പിച്ച് കോള്‍ വിളിക്കാനും സ്വീകരിക്കാനും വരെ ആപ്പിള്‍ വാച്ച് അവസരമൊരുക്കി. എന്നാല്‍ ആപ്പിള്‍ വാച്ചിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്, സ്‍മാര്‍ട്ട്‍ വാച്ചിലെ മിക്ക സേവനങ്ങളും ഉപയോഗിക്കുന്നതിന് ഐഫോണുമായി ജിപിഎസ്, ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കണം എന്നതായിരുന്നു. കോള്‍ വിളിക്കാനും സ്വീകരിക്കാനുമൊക്കെ ഐഫോണുമായി ബന്ധം പുലര്‍ത്തണം. എന്നാല്‍ അടുത്ത തലമുറ ആപ്പിള്‍ വാച്ച് ഒരു ഫോണ്‍ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, ഐഫോണുമായി ബന്ധിപ്പിക്കാതെ തന്നെ ആപ്പിള്‍ വാച്ചില്‍ നിന്നു കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും. ഈ സൌകര്യം വരുന്നതോടെ ആപ്പിള്‍ വാച്ച് കൂടുതല്‍ സ്വയംപര്യാപ്തമാകുമെന്ന് സാങ്കേതിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. സ്‍മാര്‍ട്ട് വാച്ച് വിപണിയില്‍ മത്സരസജ്ജരായി കൂടുതല്‍ വമ്പന്‍മാര്‍ കടന്നു വന്നതോടെയാണ് വിപ്ലവകരമായ സൌകര്യങ്ങളും പുതിയ ഡിസൈനുമായി ആപ്പിള്‍ വാച്ചിന്റെ പുത്തന്‍ തലമുറ പിറിവിയെടുക്കാന്‍ കാത്തിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ വരുമാന റിപ്പോര്‍ട്ട് ആപ്പിള്‍ പുറത്തുവിടാനിരിക്കെയാണ് പുതിയ ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.