ആധാര്‍ നമ്പര്‍ ചോദിച്ച് വാട്‌സ്ആപ് തട്ടിപ്പ്, പ്രതികരിച്ചാല്‍ അക്കൗണ്ടിലെ പണം ഒറ്റയടിക്ക് പോകും
|ആധാര്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്‌വേഡ് പറഞ്ഞു തരാന്‍ പറയുന്നു. ഇത് നല്‍കുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.
വാട്‌സ് ആപ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആധാര്‍ നമ്പര്‍ ചോദിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ആധാര്‍ നമ്പറിനൊപ്പം വണ്‍ ടൈം പാസ്‌വേഡ് കൂടി കൈമാറിയാല്‍ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്.
എയര്‍ടെല്‍ വൊഡഫോണ്‍ തുടങ്ങിയ ടെലിഫോണ്‍ സേവന ദാതാക്കളില്‍ നിന്നും വിളിക്കുന്നുവെന്ന നിലയിലാണ് തട്ടിപ്പുകാര്‍ ഇരകളെ ഫോണ്‍ വഴി ബന്ധപ്പെടുന്നത്. ഫോണ്‍ കോളായും മെസേജായും തട്ടിപ്പ് നടക്കുന്നുണ്ട്. 12 അക്ക ആധാര്‍ നമ്പര്‍ നല്‍കാനാണ് ആദ്യം ആവശ്യപ്പെടുക. ഈ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്‌വേഡ് പറഞ്ഞു തരാന്‍ പറയുന്നു. ഇത് നല്‍കുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.
ആധാറുമായോ മൊബൈല്‍ സേവന ദാതാക്കളുമായോ ഈ മെസേജുകള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇരകളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ നമ്പര്‍ ചോദിക്കുന്നത് തന്നെ. വണ്‍ ടൈം പാസ്‌വേഡ് മാത്രമാണ് ഈ തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കോളുകളോ മെസേജുകളോ വന്നാല്‍ മറുപടി നല്‍കരുതെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഉപദേശം. മറുപടി നല്‍കിയാല്‍ തന്നെ ഒരിക്കലും ഒടിപി നല്‍കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്ക് അധികൃതരുടെ പേരിലും സമാനമായ തട്ടിപ്പ് നേരത്തെ അരങ്ങേറിയിരുന്നു. മൊബൈല്‍ സേവനദാതാക്കളോ ബാങ്കുകളോ മറ്റ് ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഫോണ്‍ വഴി ആധാര്‍ നമ്പര്‍ ചോദിക്കില്ലെന്നതാണ് വസ്തുത. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിന്റെയോ ബാങ്ക് അക്കൗണ്ട് നമ്പറിന്റേയോ കാര്യത്തില്‍ അതാത് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുക മാത്രമാണ് പരിഹാരമാര്‍ഗ്ഗവും.