2 ജിബി റാം, 8 എംപി കാമറ, ഫിംഗര്‍ പ്രിന്റ് സ്കാനര്‍... 501 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ വരുന്നു
|കേവലം 251 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ എന്ന പരസ്യവാക്യവുമായി അവതരിച്ച റിംഗിങ് ബെല്‍സിനെ 'കടത്തിവെട്ടി' വമ്പന്‍ ഫീച്ചറുകളുമായി മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ വരുന്നു.
കേവലം 251 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ എന്ന പരസ്യവാക്യവുമായി അവതരിച്ച റിംഗിങ് ബെല്‍സിനെ 'കടത്തിവെട്ടി' വമ്പന്‍ ഫീച്ചറുകളുമായി മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ വരുന്നു. വെറും 501 രൂപയാണ് പുതിയ അവതാരത്തിന്റെ വില. ഫീച്ചറുകളാണെങ്കില് സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കുത്തക കമ്പനികളെ വെല്ലുവിളിക്കുന്നവയുമാണ്. ചാമ്പ്വണ് എന്ന അധികം അറിയപ്പെടാത്ത കമ്പനിയാണ് ഈ സ്മാര്‍ട്ട്ഫോണിന് പിന്നില്‍. ഇവരുടെ വെബ്സൈറ്റില്‍ ഈ ഫോണിന് 7999 രൂപയാണ് വിലയെങ്കിലും പ്രചാരണാര്‍ഥം വിപണിപിടിക്കാന്‍ അടുത്തമാസം രണ്ടിന് തുടങ്ങുന്ന ഫ്ലാഷ് സെയിലില്‍ ഇത് വെറും 501 രൂപക്ക് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതൊക്കെയാണെങ്കിലും ഇവരുടെ വെബ്സൈറ്റ് ഒറ്റനോട്ടത്തില്‍ അത്ര വിശ്വാസയോഗ്യമല്ല. രജിസ്ട്രേഷന് ബട്ടനാണെങ്കില് പ്രവര്‍ത്തനരഹിതവും. എന്നാല്‍ കാഷ് ഓണ്‍ ഡെലിവറിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജോഥ്പൂര്‍ ആസ്ഥാനമാക്കിയ കമ്പനിയാണ് ഈ സ്മാര്‍ട്ട്ഫോണിന് പിന്നില്‍. രണ്ടു ടോള്‍ ഫ്രീ നമ്പറുകളും ഉപഭോക്താക്കള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളെ വമ്പന്‍ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളാണ് വെബ്സൈറ്റിലുള്ളതെന്ന് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരം പരസ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്ലതെന്നും വിശ്വാസ്യയോഗ്യമായ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതായിരിക്കും സുരക്ഷിതമെന്നും വിദഗ്ധര്‍ പറയുന്നു.
ഏതായാലും ചാമ്പ്വണ് സ്മാര്‍ട്ട്ഫോണിന്റെ ഫീച്ചറുകളും വിലയും ആരെയും അമ്പരിപ്പിക്കും. ലോലിപോപ്പില്‍ ഡ്യുവല്‍ സിമ്മുമായാണ് ചാമ്പ്വണ് എത്തുന്നത്. അഞ്ച് ഇഞ്ച് ഡിസ്പ്ലെ, 1.3 ജിഗാഹെഡ്സ് ക്വാഡ് കോര്‍ പ്രൊസസര്‍, രണ്ടു ജിബി റാം, 16 ജിബി സ്റ്റോറേജ്, 8 എംപി കാമറ, 5 എംപി മുന്‍കാമറ, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 4 ജി തുടങ്ങിയതാണ് പ്രധാന സവിശേഷതകള്‍. ഏകദേശം 15000 രൂപയോളം വില വരുന്ന തദ്ദേശ, വിദേശ സ്മാര്‍ട്ട്ഫോണുകളുടെ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന 501 രൂപയുടെ ഈ ഫോണിന്റെ വിശ്വാസ്യതയില്‍ സംശയമുള്ളതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നുണ്ട്.