ഇന്റര്‍നെറ്റില്‍ എന്തുംചെയ്യാം; ഈയൊരു തെറ്റ് മാത്രം അരുത്...
|സാങ്കേതികവിദ്യയുടെ യുഗമാണിത്. സോഷ്യല്‍മീഡിയകളില്‍ നിങ്ങള്‍ സജീവമാണെങ്കില്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഹാക്കര്‍മാര്‍ നല്കിയ പണിയും അറിഞ്ഞിരിക്കും.
സാങ്കേതികവിദ്യയുടെ യുഗമാണിത്. സോഷ്യല്‍മീഡിയകളില്‍ നിങ്ങള്‍ സജീവമാണെങ്കില്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഹാക്കര്‍മാര്‍ നല്കിയ പണിയും അറിഞ്ഞിരിക്കും. സുരക്ഷയുടെ കാര്യത്തില്‍ ലോകോത്തര നിലവാരം ഉറപ്പുനല്‍കുന്ന ഫേസ്ബുക്കിന്റെ തലവന്‍ തന്നെ ഹാക്കര്‍മാര്‍ പണികൊടുത്തപ്പോള്‍ സാങ്കേതികലോകത്തിനുണ്ടായ ഞെട്ടലും ആകാംക്ഷയും ചെറുതായിരുന്നില്ല.
സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ പൂര്‍ണതോതിലുള്ള ഒരു ഹാക്കിങ് ആയിരുന്നില്ല അവിടെ നടന്നത്. നാലു വര്‍ഷം മുമ്പ് ലിങ്കിഡിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു സുക്കറിനെ തേടിയെത്തിയത്. ലിങ്കിഡിനില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ അന്ന് ലക്ഷക്കണക്കിനു വിവരങ്ങളാണ് ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തന്നെ വില്‍പ്പനക്ക് വെച്ചു. ഇതറിഞ്ഞയുടന് ലിങ്കിഡിന്‍ ഉപയോക്താക്കളോട് പാസ്വേര്ഡ് മാറ്റാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ പണി ലിങ്കിഡിനായിരുന്നില്ല. ട്വിറ്ററില്‍ സുക്കറിനെയാണ് തേടിയെത്തിയത്. കാരണം മറ്റൊന്നുമല്ല, ലിങ്കിഡിനിലും ട്വിറ്ററിലും സുക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്നത് ഒരേ പാസ്വേര്ഡ് (dadada) ആയിരുന്നു. ഇത് വളരെ ബലഹീനമായ പാസ്വേര്ഡ് ആണെന്നതു മാത്രമല്ല, രണ്ടു അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്വേര്ഡ് തന്നെ ഉപയോഗിച്ചു എന്നതും സുക്കര്‍ബര്‍ഗിനു പാരയായി.
വെബ് ലോകത്ത് ഉപയോക്താക്കള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ഒരു പാസ്വേര്ഡ് തന്നെ മറ്റൊരു സൈറ്റിലും ഉപയോഗിക്കുകയെന്നത്. എന്നാല്‍ സങ്കീര്‍ണമായ പാസ്വേര്ഡുകള് ഓര്ത്തിരിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ലക്ഷക്കണക്കിനു നെറ്റ് ഉപയോക്താക്കളാണ് ഒരേ പാസ്വേര്ഡ് തന്നെ ഇമെയിലിനും സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ ബാങ്കിങിനുമൊക്കെ ഉപയോഗിക്കുന്നത്. ഇടക്കിടെ പാസ്വേര്ഡ് മാറ്റുകയും പാസ്വേര്ഡുകള്ക്കിടയില് ചിഹ്നങ്ങളും അക്കങ്ങളും ഉപയോഗിക്കുന്നതും സുരക്ഷ ഉറപ്പാക്കാന്‍ അവശ്യമാണെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.