ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ
|നെക്സ്റ്റ് വെബില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 13 വരെ 241 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ഫേസ് ബുക്കിന് ഇന്ത്യയിലുള്ളത്
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യ. ഡാറ്റ ചെലവ് കുറഞ്ഞതോടെ ഇന്റര്‍നെറ്റ് വരിക്കാരുടേയും സ്മാര്‍ട്ട്ഫോണിന്റെയും എണ്ണം കൂടിയതാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. ലോകമെമ്പാടുമുള്ള മൊത്തം ഉപയോക്താക്കളുടെ എണ്ണം 2 ബില്ല്യണ്‍ ആയ വിവരം ഫേസ്ബുക്ക് പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ വിവരം വെളിവായിരിക്കുന്നത്. നെക്സ്റ്റ് വെബില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 13 വരെ 241 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ഫേസ് ബുക്കിന് ഇന്ത്യയിലുള്ളത്. യു.എസില്‍ ഇത് 240 മില്ല്യണാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയിലുണ്ടായത്. യു.എസില്‍ ഇത് 12 ശതമാനമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 19 ശതമാനം മാത്രമാണ് . അതേസമയം യു.എസില്‍ 73 ശതമാനം പേര് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ലോക ജനസംഖ്യയുടെ 42 ശതമാനം പേരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ്. ഇന്ത്യയില്‍ 24 ശതമാനം സത്രീകള്‍ മാത്രമാണ് ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. 54 ശതമാനം യു.എസ് വനിതകള്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നുണ്ട്