ഒരു രൂപക്ക് റെഡ് മി നോട്ട് വാഗ്ദാനം ചെയ്ത് ഷവോമി
|റെഡ് മി 3 നോട്ടും എംഐ ബാന്‍ഡുമാണ് ഇന്ന് ഒരു രൂപക്ക് നല്‍കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വില്‍പ്പന ആരംഭിക്കും.
ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യന്‍ വിപണി കീഴടക്കിയ ഷവോമി ഫോണുകള്‍ ഒരു സമയത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിപണിയില്‍ പഴയ ചലനം സൃഷ്ടിക്കുന്നില്ലെങ്കിലും ഷവോമിയോടുള്ള പ്രണയം ഇന്നും അവസാനിച്ചിട്ടില്ല. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍. ഇന്നലെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഓണ്‍ ലൈനില്‍ ഇളവുകളുടെ കലവറ ഒരുക്കിയിരിക്കുകയാണ് ഷവോമി. തെരഞ്ഞെടുത്ത ചില ഉത്പന്നങ്ങള്‍ ഒരു രൂപക്ക് സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് ഈ ഫ്ലാഷ് സെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത.
റെഡ് മി 3 നോട്ടും എംഐ ബാന്‍ഡുമാണ് ഇന്ന് ഒരു രൂപക്ക് നല്‍കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വില്‍പ്പന ആരംഭിക്കും. 15000 രൂപ വരുന്ന എംഐ മാക്സും ബ്ലൂടൂത്ത് സ്പീക്കറുമാണ് നാളെ ഒരു രൂപക്ക് ലഭിക്കുന്ന ഉത്പന്നങ്ങള്‍. എത്ര പേര്‍ക്കാകും ഒരു രൂപക്ക് വില്‍പ്പന പദ്ധതിയുടെ പ്രയോജനം ലഭിക്കുക എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു രൂപ വില്‍പ്പനക്ക് പുറമെ പല ഉത്പന്നങ്ങളുടെയും വിലയും കുറച്ചിട്ടുണ്ട്.. 25000 രൂപയോളം വിലവരുന്ന എംഐ 5 ഉം 20000 എംഎഎച്ചിന്റെ പവ്വര്‍ ബാങ്കുമാണ് ഒരു രൂപ നിരക്കില്‍ ഇന്നലെ വില്‍പ്പന നടത്തിയിരുന്നത്.