പേറ്റന്റ് അവകാശ ലംഘന കേസില്‍ ആപ്പിളിന് അനുകൂലമായ വിധി
|ഷെന്‍ഷെന്‍ ബെയ്ലി എന്ന ചൈനീസ് കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ആയ 100 സിയുടെ പുറം ഭാഗം അതേപടി ആപ്പിള്‍ ഐ ഫോണ്‍ 6 അനുകരിച്ചെന്നായിരുന്നു ആരോപണം
ആപ്പിള്‍ ഐ ഫോണ്‍ 6 പേറ്റന്റ് അവകാശം ലംഘിച്ചെന്ന കേസില്‍ ബെയ്ജിങ്ങിലെ ബൌദ്ധിക സ്വത്തവകാശ കോടതിയില്‍ ആപ്പിളിന് അനുകൂലമായി വിധി. ഷെന്‍ഷെന്‍ ബെയ്ലി എന്ന സ്ഥാപനത്തിന്റെ പരാതി പ്രകാരം ഐ ഫോണ്‍ വില്‍പ്പനക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ബൌദ്ധിക സ്വത്തവകാശ വകുപ്പിന്റെ നടപടിക്കെതിരെ ആപ്പിളാണ് കോടതിയെ സമീപിച്ചത്.
ഷെന്‍ഷെന്‍ ബെയ്ലി എന്ന ചൈനീസ് കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ആയ 100 സിയുടെ പുറം ഭാഗം അതേപടി ആപ്പിള്‍ ഐ ഫോണ്‍ 6 അനുകരിച്ചെന്നായിരുന്നു ആരോപണം. വളഞ്ഞ വശങ്ങളും അര്‍ദ്ധ വൃത്താകൃതിയിലുള്ള മൂലകളുമാണ് 100 സിയുടെ പ്രത്യേകത. ഇവ ചൂണ്ടിക്കാട്ടി കന്പനി ബെയ്ജിങ് മുനിസിപ്പാലിറ്റിയുടെ കീഴിലെ ബൌദ്ധിക സ്വത്തവകാശ വകുപ്പിനെ സമീപിക്കുകയും പേറ്റന്റ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി ഐ ഫോണ്‍ 6 ഐ ഫോണ്‍ 7 എന്നിവയുടെ വില്‍പ്പനക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ തീരുമാനത്തിനെതിരെ ആപ്പിള്‍ അപപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വില്പന അവകാശം പുന്സ്ഥാപിച്ച് കിട്ടുകയായിരുന്നു. ആപ്പിളിനെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി. ഷെന്‍ഷെന്‍ ബെയ്ലിയുടെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇരു ഫോണുകളും കാഴ്ചയില്‍ തന്നെ വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധി ആപ്പിളിന് നല്കുന്ന ആശ്വാസം ചെറുതല്ല. അന്താരാഷ്ട്ര തലത്തില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുതിച്ചുയരുന്പോഴും ചൈനയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. 2016 ല്‍ ചൈനയില്‍ വില്‍പ്പനയില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായവുകയും ചെയ്തിരുന്നു. ചൈനീസ് മോഡലുകളായ ഹുവായ്, ഒപ്പോ, സിയോമി എന്നിവരില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന ആപ്പിള്‍ ഇനി ചൈനീസ് വിപണിയിലും ശക്തമായ സാന്നിധ്യമാകും.