ചന്ദ്രനില്‍ പോയാലും മൊബൈലിന് നെറ്റ്‌വര്‍ക്കില്ലെന്ന് പറയില്ല
|മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ സ്വകാര്യ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കും ആരംഭിക്കുന്നത്...
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്ഥിരം പരാതിയാണ് തങ്ങളുടെ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് പലയിടത്തും നെറ്റ്‌വര്‍ക്കില്ലെന്നത്. ഭൂമിയില്‍ ഈ പരാതി പലയിടത്തും തുടരുമ്പോഴും നമ്മുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അടുത്തവര്‍ഷം ആരംഭിക്കാന്‍ പോകുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും എച്ച്ഡി മികവോടെ ചിത്രങ്ങളും ദൃശ്യങ്ങളും ഭൂമിയിലേക്ക് അയക്കുകയെന്ന ലക്ഷ്യത്തിലാണ് നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നത്.
മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ സ്വകാര്യ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കും ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വൊഡഫോണ്‍ ജര്‍മ്മനിയും നോകിയയും കാര്‍ നിര്‍മ്മാതാക്കളായ ഔഡിയും ചേര്‍ന്നാണ് ഈ സ്വപ്‌ന പദ്ധതി ആവിഷ്‌കരിക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആദ്യമായി ചാന്ദ്രനില്‍ മനുഷ്യരെ വിജയകരമായി എത്തിച്ച് അമ്പത് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് പുതിയ ദൗത്യം. 1969 ജൂലൈ 20നാണ് ആംസ്‌ട്രോങും ആള്‍ഡ്രിനും ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത്.
വൊഡഫോണും നോകിയയും ഔഡിയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദൗത്യത്തിന് സാങ്കേതിക സഹായം നല്‍കുക നോകിയയാരിക്കും. വളരെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഭാഗങ്ങളായി ഉപയോഗിച്ചാണ് ചന്ദ്രനില്‍ നോകിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കുക. ഈ മൂന്ന് പ്രധാന കമ്പനികള്‍ക്കൊപ്പം ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിടിഎസ്‌സയന്റിസ്റ്റ് എന്ന കമ്പനിയും ദൗത്യത്തില്‍ പങ്കാളിയാകും. ബഹിരാകാശ യാത്രികര്‍ക്ക് 4ജി ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്നതും ഈ ദൗത്യത്തിന് പിന്നിലെ ലക്ഷ്യമാണ്.
അടുത്തവര്‍ഷം കെപ് കനാവെരലില്‍ നിന്നും സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും ചന്ദ്രനിലേക്കുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന ദൗത്യവുമായി പറന്നുയരുക. എന്നാണ് വിക്ഷേപണമെന്ന് പ്രഖ്യാപിച്ചിട്ടില്ല. 4ജി നെറ്റ്‌വര്‍ക്ക് ചന്ദ്രനില്‍ സജ്ജീകരിക്കാനാണ് നിലവില്‍ ഇവര്‍ തീരുമാനിച്ചിട്ടുള്ളത്.