Tech
പേറ്റന്റ്; ആപ്പിളിന്റെയും സാംസങിന്റെയും തര്‍ക്കങ്ങള്‍ അവസാനിക്കുന്നു
Tech

പേറ്റന്റ്; ആപ്പിളിന്റെയും സാംസങിന്റെയും തര്‍ക്കങ്ങള്‍ അവസാനിക്കുന്നു

Web Desk
|
28 Jun 2018 3:34 AM GMT

ഐ ഫോണിന്റെ ഫീച്ചറുകള്‍ കോപ്പിയടിച്ചതിന് സാംസങിനെതിരെയുള്ള യു.എസ് സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കണ്ടത്

പേറ്റന്റിനെ ചൊല്ലിയുള്ള ആപ്പിളിന്റെയും സാംസങിന്റെയും തര്‍ക്കങ്ങള്‍ അവസാനിക്കുന്നു. ഐ ഫോണിന്റെ ഫീച്ചറുകള്‍ കോപ്പിയടിച്ചതിന് സാംസങിനെതിരെയുള്ള യു.എസ് സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കണ്ടത്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല.

2011ല്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ക്കാണ് ഒത്തുതീര്‍പ്പിലൂടെ പരിഹാരമാകുന്നത്. ഐഫോണുകളുടെ വളഞ്ഞ അരികുകള്‍ , സ്‌ക്രീനിനു മുന്നിലുള്ള റിം, ഐക്കണുകളുടെ ഗ്രിഡ്,രണ്ടു യൂട്ടിലിറ്റി പേറ്റന്റുകള്‍ എന്നിവ സാംസങ് കോപ്പിയടിച്ചതായാണ് ആരോപണം. 6 കോടി 50 ലക്ഷം രൂപ നഷ്ടം വന്നതായായിരുന്നു ആപ്പിളിന്റെ വാദം. ഈ വാദം 2012ല്‍ യു.എസ് കോടതി ശരിവെച്ചിരുന്നു. എന്നാല്‍ ഏതാനും ചില ഫീച്ചറുകളില്‍ മാത്രമേ സാമ്യമുള്ളൂ എന്നായിരുന്നു സാംസങിന്റെ വിശദീകരണം. ഈ മറുവാദവുമായി സാംസങ് പിന്നീട് യുഎസ് സുപ്രിം കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ നല്‍കിയിട്ടും പിഴ നല്‍കുന്നതില്‍ നിന്നും സാംസങിന് രക്ഷ നേടാനായില്ല. 539 മില്ല്യന്‍ ഡോളർ പിഴ നല്‍കാന്‍ യു.എസ് സുപ്രിം കോടതി വിധിച്ചു. ഈ വിധി വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഒത്തു തീര്‍പ്പ് ശ്രമം വിജയിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തൊക്കെയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Similar Posts