ഒരു സെക്കന്റില്‍ ഒരു ജിബി വാഗ്ദാനവുമായി ജിയോ ജിഗാ ഫൈബര്‍
|ബ്രോഡ് ബ്രാന്‍ഡ് ശൃംഘലക്കായി ഇതുവരെ 2.5 ലക്ഷം കോടി രൂപ മുടക്കിയിട്ടുണ്ടെന്നും ഇന്ത്യയെ ഈ രംഗത്ത് അഞ്ച് മുന്‍നിര രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും മുകേഷ് അംബാനി പറഞ്ഞു.
അതിവേഗ ബ്രോഡ് ബാന്‍ഡായ ജിഗാ ഫൈബര്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. മുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 41ആം വാര്‍ഷിക യോഗത്തിലാണ് ചെയര്മാന് ജിയോ ജിഗാ ഫൈബറും ജിയോ ഫോണ്‍ 2വും മണ്‍സൂണ്‍ ഹങ്കാമ ഉള്‍പ്പടെയുള്ള ഓഫറുകളും പ്രഖ്യാപിച്ചത്.
ബ്രോഡ് ബ്രാന്‍ഡ് ശൃംഘലക്കായി ഇതുവരെ 2.5 ലക്ഷം കോടി രൂപ മുടക്കിയിട്ടുണ്ടെന്നും ഇന്ത്യയെ ഈ രംഗത്ത് അഞ്ച് മുന്‍നിര രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്നും മുകേഷ് അംബാനി പറഞ്ഞു. സെക്കന്‍ഡില്‍ ഒരു ജിബിയാണ് ജിയോ വാഗ്ദാനം ചെയ്യുന്ന ബ്രോഡ്ബാന്‍ഡ് വേഗത. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും.
ആദ്യഘട്ടത്തില്‍ 1100 നഗരങ്ങളിലായിരിക്കും ജിയോ ജിഗാഫൈബര്‍ സേവനം ലഭിക്കുക. വീടുകളില്‍ അള്‍ട്രാ എച്ച്ഡി ടിവി വിനോദപരിപാടികള്‍, വീഡിയോ കോള്‍, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വെര്‍ച്ച്വല്‍ അസിസ്റ്റന്റ് സേവനങ്ങള്‍, വിആര്‍ ഗെയിമുകള്‍ എന്നിവയെല്ലാം ജിഗാ ഫൈബര്‍ വഴി എളുപ്പം ലഭിക്കും. വീടുകളില്‍ സ്മാര്‍ട്ട് ഹോം ഉപകരണങ്ങുണ്ടെങ്കില് അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്തിലൂടെ ഇവ അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. ആഗസ്ത് 15 മുതലാണ് ജിഗാ ഫൈബറിന്റെ ബുക്കിംങ് ആരംഭിക്കുക.
ജിയോ ഫോണിന്റെ പുതിയ പതിപ്പായ ജിയോ ഫോണ്‍ 2വിന്റെ പ്രഖ്യാപനവും മുകേഷ് അംബാനി നടത്തി. വരിക്കാര്‍ക്കും നിക്ഷേപകര്‍ക്കും ആകര്‍ഷകമായ നിരവധി ഓഫറുകളും പ്രഖ്യാപനങ്ങളും കൂട്ടത്തില്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോ ഫോണ്‍ പ്രഖ്യാപിച്ചത്. വാട്സ്ആപ്പ്, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവ പുതിയ ജിയോ ഫോണ്‍ 2വില്‍ ലഭിക്കും.
2016ല്‍ അവതരിക്കപ്പെട്ട ജിയോ ഇന്ത്യന്‍ മൊബൈല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ജിയോ വമ്പന്‍ ഓഫറുകളോടെ ഉപഭോക്താക്കളെ പിടിച്ചപ്പോള്‍ മറ്റു ടെലികോം കമ്പനികള്‍ക്കും ഇതേ വഴി സ്വീകരിക്കേണ്ടി വന്നു. ഏറ്റവും ഒടുവിലെ ത്രൈമാസ കാലയളവില്‍ 510 കോടി രൂപയുടെ ലാഭമാണ് ജിയോ രേഖപ്പെടുത്തിയത്. 1.2 ശതമാനത്തിന്റെ വളര്‍ച്ചയും ജിയോ ഇക്കാലത്ത് നേടിയിട്ടുണ്ട്.