Tech
വ്യാജസന്ദേശങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ഒരുമിക്കാമെന്ന് ഇന്ത്യക്കാരോട് വാട്സ്ആപ്പ്: പത്രങ്ങളില്‍ അതിനുള്ള പത്ത് വഴികളുമായി കമ്പനിയുടെ പരസ്യം
Tech

വ്യാജസന്ദേശങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ഒരുമിക്കാമെന്ന് ഇന്ത്യക്കാരോട് വാട്സ്ആപ്പ്: പത്രങ്ങളില്‍ അതിനുള്ള പത്ത് വഴികളുമായി കമ്പനിയുടെ പരസ്യം

Web Desk
|
10 July 2018 8:40 AM GMT

വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്‍കി വാട്‌സ്ആപ്പ് പരസ്യം

വ്യാജസന്ദേശങ്ങള്‍ കണ്ടെത്താനുള്ള പത്ത് വഴികളുമായി പത്രങ്ങളില്‍ വാട്‌സ്ആപ്പിന്റെ ഫുള്‍പേജ് പരസ്യം. വ്യാജസന്ദേശങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ഒരുമിക്കാമെന്ന തലക്കെട്ടില്‍ ഇന്ത്യയ്ക്കകത്ത് ഇന്നത്തെ പത്രങ്ങളിലാണ് അമേരിക്കന്‍ കമ്പനിയായ വാട്സ്ആപ്പ് പരസ്യം നല്‍കിയിട്ടുള്ളത്.

വ്യാജവാര്‍ത്തകള്‍, തെറ്റായ പ്രചരണങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ സര്‍ക്കാറും സമൂഹവും ടെക്‌നിക്കല്‍ കമ്പനികളും ഒരുമിച്ച് നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്ന് വാട്‌സ്ആപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്‍കി വാട്‌സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് പരസ്യം നല്‍കിയിരിക്കുന്നത്.

പത്ത് പോയിന്റുകളാണ് ഉപതലക്കെട്ടിലൂടെ അടയാളപ്പെടുത്തി വാട്‌സ്ആപ്പ് പരസ്യത്തിലുള്ളത്.

മെസേജ് ഒരു ഫോര്‍വേര്‍ഡ് മെസേജാണോയെന്ന് നോക്കുക

ഫോര്‍വേര്‍ഡ് മെസേജുകള്‍ തിരിച്ചറിയാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഈ തലക്കെട്ടിനു കീഴെ വാട്സ്ആപ്പ് നല്‍കുന്ന ഉറപ്പ്. എന്നാല്‍ ഒറിജിനല്‍ സന്ദേശം ആരാണ് അയച്ചതെന്ന് അറിയില്ലെങ്കില്‍ സന്ദേശം ഒന്ന് ഡബിള്‍ ചെക് ചെയ്യണമെന്നും വാട്സ്ആപ്പ് പറയുന്നു.

ലഭിച്ച സന്ദേശം നിങ്ങളെ അസ്വസ്ഥതപ്പെടുത്തുവെങ്കില്‍ അവയെ ചോദ്യം ചെയ്യുക

നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയോ പേടിപ്പിക്കുകയോ ചെയ്യുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ അത് ഷെയര്‍ ചെയ്ത് ലഭിക്കുന്ന മറ്റൊരാളുടെ മാനസികാവസ്ഥയും അങ്ങനെത്തന്നെയായിരിക്കില്ലേ എന്ന് ചിന്തിക്കുക. അതെയെന്നാണ് ഉത്തരമെങ്കില്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.

വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ എപ്പോഴും പരിശോധിക്കുക

അവിശ്വസനീയമായി തോന്നുന്ന പല സന്ദേശങ്ങളും തെറ്റായിരിക്കും. കിട്ടിയ സന്ദേശം ശരിയാണോയെന്ന് മറ്റ് വഴികളിലൂടെ പരിശോധിക്കുക.

എന്തൊക്കെ വ്യത്യാസമാണ് ആ സന്ദേശത്തിനുള്ളതെന്ന് ശ്രദ്ധിക്കുക.

വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും അടങ്ങിയ സന്ദേശങ്ങളില്‍ പലപ്പോഴും അക്ഷരത്തെറ്റുണ്ടാവും. സന്ദേശം ശരിയാണോയെന്ന് പരിശോധിക്കാന്‍ ഈ ലക്ഷണങ്ങള്‍ നോക്കാം.

വന്ന സന്ദേശത്തിലെ ഫോട്ടോകള്‍ നന്നായി പരിശോധിക്കുക

മെസേജിലെ ഫോട്ടോകളും മറ്റും തെറ്റിദ്ധരിപ്പിക്കാനായി എഡിറ്റ് ചെയ്യപ്പെട്ടവയാവാം. ചിലപ്പോള്‍ ഫോട്ടോ യഥാര്‍ത്ഥമായിരിക്കാം. പക്ഷേ വാര്‍ത്തയ്ക്ക് ഫോട്ടോയുമായി ബന്ധമുണ്ടാവില്ല. അതുകൊണ്ട് ഈ ഫോട്ടോ എവിടെനിന്നുവന്നതാണെന്ന് പരിശോധിക്കുക.

ലിങ്കുകളും പരിശോധന വിധേയമാക്കുക

അറിയപ്പെടുന്ന വെബ്‌സൈറ്റിന്റെ ലിങ്കായാണ് ഒറ്റനോട്ടത്തില്‍ തോന്നുക. പക്ഷേ നല്ലതുപോലെ നോക്കിയാല്‍ ചില സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ കണ്ടേക്കാം. വ്യാജവാര്‍ത്തയുടെ ലക്ഷണമാണത്.

മറ്റ് സോഴ്സുകള്‍ വഴി വാര്‍ത്തയുടെ സത്യസന്ധത പരിശോധിക്കുക

ലഭിച്ച വാര്‍ത്ത മറ്റെവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക... ഓണ്‍ലൈനില്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സാധ്യത കൂടുതലാണ്.

എന്തും ഷെയര്‍ ചെയ്യുമുമ്പ് ഒരു നിമിഷം ആലോചിക്കുക.

സോഴ്‌സിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ സന്ദേശത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന സംശയമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.

എന്ത് കാണണമെന്ന് സ്വയം തീരുമാനിക്കുക

വാട്‌സ്ആപ്പില്‍ ഇഷ്ടമില്ലാത്ത ഏതു നമ്പറും ബ്ലോക്ക് ചെയ്യാമെന്ന ഓപ്ഷനുണ്ട്. അതുപോലെ ഇഷ്ടമില്ലാത്ത ഏത് ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുകയും ചെയ്യാം.

വ്യാജവാര്‍ത്തകള്‍ വൈറലാവാറുണ്ട്.

ഒരു സന്ദേശം തന്നെ കൂടുതല്‍ തവണ ലഭിച്ചാല്‍ ജാഗ്രതയോടെ ഇരിക്കുക. ഒരു മെസേജ് പലതവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നതുകൊണ്ടു മാത്രം ഇത് ശരിയാവണമെന്നില്ല.

Related Tags :
Similar Posts