ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകം; വ്യാജ പ്രചരണങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി വാട്സാപ്പ്
|ഒരേ സമയം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്
ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ വ്യാജ പ്രചരണങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി വാട്സാപ്പ്. ഒരേ സമയം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്സാപ്പിനോട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ വാട്സാപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നടപടികള്‍ എടുക്കാന്‍ കന്പനിയെ നിര്‍ബന്ധിതമാക്കിയത്. ഒരേസമയം തന്നെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് വാട്സാപ്പിന്റെ ഉദ്ദേശം. ഇന്ത്യയില്‍ മാത്രമാകും ഈ നിയന്ത്രണം ഏര്‍പ്പെടുത്തുക. അഞ്ച് ഗ്രൂപ്പുകളിലേക്ക് മാത്രമേ ഒന്നിച്ച് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയൂ എന്ന രീതിയിലാണ് മാറ്റം .
ലഭിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ എഴുതിയത് അയച്ച ആള്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോയെന്നത് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള പരിഷ്കരണവും വാടസാപ്പ് നടപ്പിലാക്കും. വാട്സാപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രീതി ഇപ്പോള്‍ തന്നെ വാട്സാപ്പ് നടപ്പിലാക്കിയിട്ടുണ്ട്.ഇന്ത്യയില്‍ 20 കോടി ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. വാട്സാപ്പിലൂടെ ഏറ്റവും കൂടുതല്‍ സന്ദേശങ്ങള്‍ അയക്കുന്ന രാജ്യം ഇന്ത്യയാണ്.