Tech
സുരക്ഷിതരാണോ; ഫെയ്സ്ബുക്ക് മലയാളികളോട് ചോദിക്കുന്നു
Tech

സുരക്ഷിതരാണോ; ഫെയ്സ്ബുക്ക് മലയാളികളോട് ചോദിക്കുന്നു

Web Desk
|
11 Aug 2018 5:35 AM GMT

പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, കേരളത്തിനൊപ്പം നിന്ന് ഫെയ്സ്ബുക്കും

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഇതുവരെ കടന്നുപോകാത്ത ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നുപോകുകയാണ് മലയാളികള്‍. കേരളത്തിന്റെ മലയോരമേഖലയിലെ പേമാരിയും ഉരുള്‍പൊട്ടലും അതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങളും പ്രത്യക്ഷത്തില്‍ ബാധിച്ചിരിക്കുന്നത് സംസ്ഥാനത്തെ ആകമാനമാണ്. അതിനിടെ കേരളത്തിന്റെ ദുരിതത്തിനൊപ്പം നില്‍ക്കുകയാണ് ഫെയ്സ്ബുക്ക്.

ദി ഫ്ലഡിംഗ് എക്രോസ് കേരള, ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്സ് ബുക്ക് പേജുതന്നെ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഫെയ്സ്ബുക്ക്. അതില്‍ ആര്‍ യൂ സേഫ് എന്ന സേഫ്റ്റി ചെക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കെടുതിയുടെ ഫോട്ടോകളും വീഡിയോകളും പേജില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. കേരളത്തിലെ കാലവര്‍ഷക്കെടുതി അതോടെ ഫെയ്സ്ബുക്കിന്റെ ട്രെന്‍ഡിംഗില്‍ ഒന്നായി മാറിയിരിക്കുകയാണ്.

കേരളത്തിലെ ഒരു സംഭവം ഫെയ്സ്ബുക്കിന്റെ ക്രൈസിസ് റെസ്പോണ്‍സ് പേജില്‍ വരുന്നത് ഇതാദ്യമായാണ്. ആയിരക്കണക്കിനാളുകള്‍ ഇതിനകം സേഫ്റ്റി ചെക് സംവിധാനം ഉപയോഗപ്പെടുത്തി തങ്ങള്‍ സുരക്ഷിതരാണെന്ന വിവരം സുഹൃത്തുക്കളുമായി പങ്കുവെച്ചു കഴിഞ്ഞു.

ദുരന്തബാധിതരായവര്‍ക്ക് സഹായം തേടാനും ഈ ഫെയ്സ്ബുക്ക് പേജ് ഉപയോഗപ്പെടുത്താവുന്നതാണ്. ദുരന്തബാധിതരെ സഹായിക്കണമെന്നുള്ളവര്‍ക്ക് അതിനും ഈ പേജ് വഴി സാധിക്കും. ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്നുകള്‍ തുടങ്ങി എന്ത് സഹായങ്ങളും നല്‍കാനും സ്വീകരിക്കാനും പേജിനെ ഉപയോഗപ്പെടുത്താം. ഇതിനായി സപ്പോര്‍ട്ട് എന്നൊരു ലിങ്ക് ഉണ്ട്.

അന്താരാഷ്ട്രതലത്തില്‍ വന്‍ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഫെയ്സ്ബുക്ക് ഇത്തരത്തില്‍ ക്രൈസിസ് റെസ്പോണ്‍സ് പേജ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാല്‍ ദുരിതം ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ തങ്ങള്‍ സെയ്ഫ് ആണ് എന്ന് വിളിച്ചു പറയുന്നതിന്റെ അയുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദുരിതം നേരിട്ട് ബാധിക്കാത്തവര്‍ക്ക് ഡെസ് നോട്ട് അപ്ലെ എന്ന ഓപ്ഷനും പേജിലുണ്ട്. തങ്ങള്‍ സെയ്ഫ് ആണ് എന്നതിന് പകരം, തങ്ങള്‍ക്ക് ബാധകമല്ലെന്ന് അത്തരക്കാര്‍ക്ക് ഇതുവഴി അടയാളപ്പെടുത്താവുന്നതാണ്.

Similar Posts