ഉൾപ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ എത്തിക്കാൻ ഉപഗ്രഹങ്ങൾ ഉപയോഗിക്കാനൊരുങ്ങി ജിയോ
|ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും 4 ജി ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ ഉപഗ്രഹങ്ങളുടെ സഹായം തേടാനൊരുങ്ങി റിലയൻസ് ജിയോ. ഐ.എസ്.ആർ.ഒയുടെയും എച്.സി.ഐ.എൽന്റെയും സഹായത്തോടെയാണ് ഈയിനത്തിലെ ആദ്യത്തെ ഉപഗ്രഹം ജിയോ വിക്ഷേപിക്കുന്നത്.
പുതിയ ഉപഗ്രഹം മുഖേന 4 ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത 400 എൽ.ടി.ഇ പ്രദേശങ്ങളിൽ റിലയൻസ് ജിയോ 4 ജി ഇന്റർനെറ്റ് ലഭ്യമാക്കും. ഇത്തരം പ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ ലഭ്യമാക്കാനായി എച്.സി.ഐ എല്ലുമായി 10 മില്യൺ രൂപയുടെ കരാറിൽ റിലയൻസ് ജിയോ ഒപ്പുവെച്ചിട്ടുണ്ട്.
ഫൈബർ കേബിളുകൾ വഴി ഇന്റർനെറ്റ് എത്തിക്കുന്നത് ചിലവേറിയതായതിനാൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള ഇന്ത്യൻ ടെലി കമ്പനികൾ സൂക്ഷ്മതരംഗങ്ങൾ ഉപയോഗിച്ചാണ് മൊബൈൽ ടവറുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. എന്നാൽ, ഉൾപ്രദേശങ്ങളിലും ഉയരമുള്ള കുന്നുകളും താഴ്വരകളുമുള്ള പ്രദേശങ്ങളിലും സൂക്ഷ്മതരംഗങ്ങൾ വഴി ഇന്റർനെറ്റ് എത്തിക്കുന്നതും ദുഷ്കരമാണ്. ഉയരവും അതിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന പണവും തന്നെയാണ് പ്രധാന പ്രതിബന്ധങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ഉപഗ്രഹങ്ങൾ ഏറെ സഹായകരമാവും.
എച്.സി.ഐ.എലിന്റെ ജുപിറ്റർ സിസ്റ്റം ആയിരിക്കും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്ന് കമ്പനിയുടെ പ്രസിഡന്റ് പാർത്തോ ബാനെർജി പറഞ്ഞു.
നിലവിൽ 2 ജി, 3 ജി സേവനങ്ങൾക്ക് വേണ്ടി ബി.എസ്എൻ.എൽ, വൊഡാഫോൺ, ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നുണ്ട്. 2 ജി, 3 ജി സേവനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതും ബി എസ് എൻ എൽ ആണ്.
എന്നാൽ, 4 ജി സേവനങ്ങൾക്ക് ആദ്യമായി ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത് റിലയൻസ് ജിയോ ആണ്. എച്.സി.ഐ.എലുമായി സഹകരിച്ച് മുംബൈയിലും നാഗ്പൂരിലും ജിയോ രണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കും. പുതിയ ഉപഗ്രഹ സേവനങ്ങൾക്കായി ലേയിലും പോർട്ട് ബ്ലയറിലും രണ്ട് മിനി ഹബ്ബുകൾ കൂടി സ്ഥാപിക്കും. നോർത്ത് ഈസ്റ്റ്, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങൾക്കാണ് ഉപഗ്രഹം വഴി 4 ജി സേവനങ്ങൾ ലഭ്യമാവുക. ഉൾപ്രദേശങ്ങൾക്കും കുന്നിൻപ്രദേശങ്ങൾക്കുമായിരിക്കും മുന്ഗണനയെങ്കിലും മഹാരഷ്ട്ര, ഒറീസ, ഛത്തീസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിലും ഇത് വഴി 4 ജി സേവനങ്ങൾ ലഭ്യമാവും.