എന്താണ് പുതിയ ഐഫോണ്‍ മോഡലുകളിലുള്ളത്?
|ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍ എസ് മാക്സ്, ഐഫോണ്‍ ടെന്‍ ആര് എന്നിവയാണ് അവതരിച്ചത്
കാത്തിരിപ്പിനൊടുവില്‍ ഐഫോണിന്റെ മൂന്ന് മോഡലുകള്‍ അവതരിച്ചു. എന്തെല്ലം അല്ഭുതങ്ങളാണ് ഓരോ മോഡലുകളിലും കമ്പനി സൂക്ഷിച്ചുവെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയിലാവും ടെക് ലോകം. ഇന്നലെ പുറത്തിറക്കിയ ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ്, ഐഫോണ്‍ ടെന്‍ആര്‍ എന്നീ മൂന്ന് മോഡലുകളില്‍ തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകള്‍ ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയത്. ചില പ്രധാന പ്രത്യേകതള്‍ നോക്കാം.
ഡ്യുവല്‍ സിം(ഇ-സിം)
ഐഫോണുകളുടെ ഒരു പ്രധാന പോരായ്മയായി ചിലര്‍ എടുത്തുകാണിച്ചിരുന്നത് രണ്ട് സിം ഇടാനുള്ള സ്ലോട്ട് ഇല്ലെന്നാണ്. പ്രത്യേകതിച്ച് ടെലകോം രംഗത്ത് മത്സരങ്ങള്‍ മുറുകുന്ന ഇന്ത്യയില്‍. ഒടുവില്‍ അതിനും പരിഹാരം കണ്ടെത്തി. രണ്ട് സിം സ്ലോട്ടുമായാണ് പുതിയ മോഡലുകള്‍ എത്തുന്നത്. എന്നാല്‍ സാധാരണ പോലേയല്ല അത്. സ്ഥിരം സിം സ്ലോട്ടിന് പുറമെ ഇ-സിം ആയാണ് രണ്ടാമത്തെ സ്ലോട്ട് ഉപയോഗിക്കാനാവുക.
ക്യാമറ അപ്ഗ്രേഡ്
മുന്‍ മോഡലുകളെ അപേക്ഷിച്ച് ക്യാമറയില്‍ ശ്രദ്ധേയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ടെന്‍ എസ്, ടെന്‍ എസ് മാക്സ് മോഡലുകള്‍. 12 മെഗാപിക്സലിന്റെ ഇരട്ട റിയര്‍ ക്യാമറയാണ്. 12 മെഗാ പിക്സലേയൊള്ളൂ എന്ന് ആശങ്കപ്പെടേണ്ട. അതിനുള്ളിലെ പ്രത്യേകതകളാണ് വേറിട്ട് നിര്‍ത്തുന്നത്. മെച്ചപ്പെട്ട ട്രൂ ടോണ്‍ ഫ്ളാഷിന് പുറമെ സ്മാര്‍ട്ട് എച്ച്.ഡി.ആര് സൗകര്യവുമുണ്ട്. വൈഡ് ആംഗിള്‍ ലെന്‍സും 2X സൂം ലെന്‍സും ഉള്‍കൊള്ളിച്ചിരിക്കുന്നു. F2.4 ആണ് അപേര്‍ച്ചര്‍. 7 മെഗാപിക്സലിന്റെ ഹൈ ക്വാളിറ്റി സെല്‍ഫി ക്യാമറ.
പ്രൊസസര്‍
A12 ബയോണിക് എന്നാണ് ഐഫോണുകളുടെ പുതിയ പ്രോസസറിന്റെ പേര്. ലോകത്തെ ആദ്യത്തെ 7 നാനോമീറ്റര്‍ ചിപ്. 6.9 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഇതിലുള്ളത്. മറ്റൊര്‍ക്കും ഇങ്ങനെയൊന്ന് ഇതുവരെ അവതരിപ്പിക്കാനായിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച 6 കോറുള്ള സി.പി.യു ആണ് ഇതിനുള്ളത്. തൊട്ടു മുൻപിലെ തലമുറിയിലെ പ്രൊസസറിനെക്കാള്‍ 50 ശതമാനം വേഗത കൂടുതലുണ്ട് . അതിവേഗത്തിലുള്ള റെസ്പോണ്‍സ് ആയിരിക്കും അനുഭവമാവുക എന്ന് ചുരുക്കം.
ഇന്റേണല്‍ സ്റ്റോറേജ്
64 ജിബിയാണ് അടിസ്ഥാന ഇന്റേണല്‍ സ്റ്റോറേജ്. 256 ജിബി, 512 ജിബി എന്നീ സ്റ്റോറേജുകളിലും ലഭ്യമാവും. ആപ്പിള്‍ ആദ്യമായാണ് 512 ജിബി സ്റ്റോറേജ് കൊണ്ടുവരുന്നത്. നേരത്തെ സാംസങും 512 ജിബിയുടെ മോഡല്‍ പുറത്തിറക്കിയിരുന്നു.
സ്ക്രീന്‍/ബാറ്ററി
ഐഫോണ്‍ ടെന്‍ എസിന് 5.8 ഇഞ്ച് സ്ക്രീനും ടെന്‍ എസ് മാക്സിന് 6.5 ഇഞ്ച് സ്ക്രീനും. അതോടൊപ്പം സൂപ്പര്‍ റെറ്റിന ഡിസ്പ്ലെയും. ഐഫോണ്‍ ടെന്‍ എസിന് മുന്‍ മോഡലായ ഐഫോണ്‍ Xനെക്കാള്‍ 30 മിനിറ്റു കൂടുതല്‍ പ്രവര്‍ത്തന സമയം ലഭിക്കും. എന്നാല്‍ ഐഫോണ്‍ ടെന്‍ എസ് മാക്സില്‍ ഐഫോണുകള്‍ക്ക് നല്കിയിരിക്കുന്നതിലെ ഏറ്റവും വലിയ ബാറ്ററിയാണ് ഉപയോഗിച്ചത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഐഫോണ്‍ Xനെക്കാള്‍ ഒന്നര മണിക്കൂര്‍ കൂടുതല്‍ നേരം ഇത് പ്രവര്‍ത്തിക്കും.