ഫേസ്ബുക്ക് ഹാക്കിങ്ങിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റര്‍
|വലിയ കോളിളക്കം സൃഷ്ടിച്ച ‘കേംബ്രിഡ്ജ് അനലറ്റിക്ക’ വിവാദത്തിനു ശേഷം ഫേസ്ബുക്ക് തുറന്നു സമ്മതിച്ച ഏറ്റവും വലിയ ഹാക്കിങ്ങായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്.
ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ ചോർന്നു പോയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റർ രംഗത്ത്. അമേരിക്കൻ ‘സെനറ്റ് സെലക്ട് കമ്മിറ്റി’ വെെസ് ചെയർമാനും ‘സെനറ്റ് സെെബർ സെക്ക്യൂരിറ്റി കോക്കസിന്റെ’ കോ-ചെയറുമായ മാർക്ക് ആർ. വാർണർ ആണ് അന്വേഷണം ആവശ്യപ്പെട്ട് യു.എസ് കോൺഗ്രസിനെ സമീപിച്ചിരിക്കുന്നത്.
50 മില്ല്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നേരത്തെ കമ്പനി തന്നെ സ്ഥിരീകരിച്ചിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച ‘കേംബ്രിഡ്ജ് അനലറ്റിക്ക’ വിവാദത്തിനു ശേഷം ഫേസ്ബുക്ക് തുറന്നു സമ്മതിച്ച ഏറ്റവും വലിയ ഹാക്കിങ്ങായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ഫേസ്ബുക്കിലെ 'വ്യൂവ് ആസ്' എന്ന ഓപ്ഷന് ഉപയോഗിച്ചാണ് ഹാക്കിങ് നടന്നത് എന്നാണ് വിലയിരുത്തല്‍. ഫേസ്ബുക്കിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വലിയ വിമർശനമാണ് ഇത് ഉയർത്തി വിട്ടത്. ഹാക്കിങ്ങിന്റെ പശ്ചാതലത്തിൽ തൊണ്ണൂറ് മില്ല്യൺ അക്കൗണ്ടുകൾ ഫേസ്ബുക്ക് തന്നെ ലോഗ് ഔട്ട് ചെയ്യുകയുണ്ടായി.
ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ കെെവശം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എത്രമാത്രം ഉണ്ടെന്നതും ഇതൊക്കെയും എത്രത്തോളം സുരക്ഷിതമാണ് എന്നും നിലവിലെ സംഭവഗതികൾ വ്യക്തമാക്കി തരുന്നുണ്ടെന്ന് വാർണർ പറഞ്ഞു. സോഷ്യല്‍ മീഡിയ കമ്പനികളെ നിയന്ത്രിക്കേണ്ടതിനുള്ള മാര്‍ഗരേഖകളെ കുറച്ച് കഴിഞ്ഞ ജൂലെെയില്‍ വാര്‍ണര്‍ ഒരു പോളിസി പേപര്‍ പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു.
എന്നാല്‍ ഭയപ്പെടാൻ ഒന്നും തന്നെയില്ലെന്ന വിശദീകരണവുമായി ഫേസ്ബുക്ക് സി.ഇ.ഒ സുക്കർബർഗ് പ്രതികരിച്ചു. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും, സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ ജീവനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് 20000 ആക്കി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിമാസം രണ്ട് ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.