Tech
ലേലത്തില്‍ എട്ട് കോടിക്ക് വിറ്റതിന് പിന്നാലെ സ്വയം നശിച്ച പെയിന്റിംങ്!
Tech

ലേലത്തില്‍ എട്ട് കോടിക്ക് വിറ്റതിന് പിന്നാലെ സ്വയം നശിച്ച പെയിന്റിംങ്!

Web Desk
|
8 Oct 2018 4:14 AM GMT

ബലൂണുമായുള്ള പെണ്‍കുട്ടിയെന്ന പ്രസിദ്ധമായ ബാങ്ക്‌സി ചിത്രമാണ് കഴിഞ്ഞ ദിവസം എട്ട് കോടിയിലേറെ രൂപയ്ക്ക് ലേലത്തില്‍ പോയത്. ലേലം കഴിഞ്ഞയുടനെ ചിത്രത്തില്‍ നിന്നും ശബ്ദമുയരുകയും സ്വയം നശിക്കുകയും ചെയ്തു!

ഇംഗ്ലണ്ടിലെ അജ്ഞാതനായ തെരുവു ചിത്രകാരനാണ് ബാങ്ക്‌സി. അതിപ്രശസ്തമായ ബാങ്ക്‌സി ചിത്രങ്ങള്‍ പലതും പൊതുസ്ഥലങ്ങളിലെ ചുവരുകളിലാണ് പ്രത്യക്ഷപ്പെടാറ്. ബലൂണുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെന്ന പ്രസിദ്ധമായ ബാങ്ക്‌സി ചിത്രമാണ് കഴിഞ്ഞ ദിവസം എട്ട് കോടിയിലേറെ രൂപയ്ക്ക് ലേലത്തില്‍ പോയത്. ലേലം കഴിഞ്ഞയുടന്‍ തന്നെ ഈ ചിത്രത്തില്‍ നിന്നും ശബ്ദമുയരുകയും സ്വയം നശിക്കുകയും ചെയ്തു!

പ്രസിദ്ധ ലേല സ്ഥാപനമായ സോത്തബിയാണ് ബാങ്ക്‌സി ചിത്രം ലേലത്തില്‍ വെച്ചത്. അജ്ഞാതനായ ആളാണ് 1.2 ദശലക്ഷം ഡോളറിന് ചിത്രം ലേലത്തില്‍ പിടിച്ചത്. ലേലം പൂര്‍ത്തിയായി നിമിഷങ്ങള്‍ക്കകം ചിത്രത്തില്‍ നിന്നും ശബ്ദം വരുകയും മാധ്യമപ്രവര്‍ത്തകരും ലേലത്തില്‍ പങ്കെടുക്കാനെത്തിയവരും നോക്കി നില്‍ക്കേ ചിത്രം സ്വയം കീറുകയുമായിരുന്നു.

സ്വയം നശിപ്പിച്ച ചിത്രത്തിന് യഥാര്‍ഥ ചിത്രത്തേക്കാള്‍ വില കൂടുമെന്നുറപ്പ്. ഇത് ലക്ഷ്യം വെച്ച് നടത്തിയ നാടകമാണ് നടന്നതെന്നും ആരോപണമുയരുന്നുണ്ട്. ബാങ്ക്സിയുടെ പ്രശസ്തിയും ഈ സംഭവത്തോടെ കുതിച്ചുയര്‍ന്നു.

ഗ്രാഫിറ്റി രീതിയിലുള്ള ബാങ്ക്‌സി ചിത്രങ്ങളില്‍ പലതും പൊതുസ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാമൂഹ്യവിഷയങ്ങളെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന ബാങ്ക്‌സി ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. മതിലുകളിലും പാലങ്ങളിലും റോഡുകളിലുമെല്ലാം ബാങ്ക്‌സി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എക്‌സിറ്റ് ത്രൂ ദ ഗിഫ്റ്റ് ഷോപ് എന്ന ഡോക്യുമെന്ററിയും ബാങ്ക്‌സി എടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും ആരാധകരും നിരന്തരം പരിശ്രമിച്ചെങ്കിലും ബാങ്ക്‌സിക്ക് പിന്നില്‍ ആരാണെന്നത് ഇപ്പോഴും രഹസ്യമാണ്.

ബാങ്ക്‌സിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ചിത്രം നശിപ്പിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. നശിപ്പിക്കാനുള്ള പ്രചോദനവും സര്‍ഗാത്മകമായ പ്രചോദനമാണെന്ന പിക്കാസോയുടെ വാക്കുകളാണ് ഈ വീഡിയോക്ക് വിവരണമായി ബാങ്ക്‌സി നല്‍കിയിരിക്കുന്നത്. തന്റെ ഈ ചിത്രത്തിലെ ഫ്രെയിമിനുള്ളില്‍ സ്ഥാപിച്ച പ്രത്യേക ഉപകരണത്തിന്റെ സഹായത്തിലാണ് ചിത്രം നശിപ്പിച്ചതെന്നാണ് ബാങ്ക്‌സി വീഡിയോയിലൂടെ അവകാശപ്പെടുന്നത്. ഇതിനകം തന്നെ വൈറലായ ഈ വീഡിയോ 37 ലക്ഷത്തിലേറെ തവണയാണ് കണ്ടത്.

View this post on Instagram

. "The urge to destroy is also a creative urge" - Picasso

A post shared by Banksy (@banksy) on

അതേസമയം ചിത്രം നശിപ്പിച്ചതും ലേലവുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ടെക് ചര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് 2006ലാണ് ഈ ബാങ്ക്‌സി ചിത്രം നിലവിലെ ഉടമക്ക് ലഭിക്കുന്നതെന്നാണ്. ചിത്രം സ്വയം നശിപ്പിക്കാനുള്ള ബാറ്ററി അടക്കമുള്ള ഉപകരണങ്ങള്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചെന്നും ഇപ്പോഴും അത് പ്രവര്‍ത്തിച്ചുവെന്നതും അവിശ്വസനീയമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ലേലം കഴിഞ്ഞയുടന്‍ ആരോ റിമോട്ട് ഉപയോഗിച്ച് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ച് ചിത്രം നശിപ്പിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. ഇത് ബാങ്ക്‌സി തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സ്വയം നശിപ്പിച്ച ചിത്രത്തിന് യഥാര്‍ഥ ചിത്രത്തേക്കാള്‍ വില കൂടുമെന്നുറപ്പ്. ഇത് ലക്ഷ്യം വെച്ച് നടത്തിയ നാടകമാണ് നടന്നതെന്നും ആരോപണമുയരുന്നുണ്ട്. ബാങ്ക്സിയുടെ പ്രശസ്തിയും ഈ സംഭവത്തോടെ കുതിച്ചുയര്‍ന്നു. യഥാര്‍ഥ ചിത്രം തന്നെയാണോ അതോ പകര്‍പ്പാണോ നശിപ്പിക്കപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും ഈ സംഭവത്തോടെ ബാങ്ക്‌സിയുടെ പ്രശസ്തി ഏറിയിരിക്കുകയാണ്. വിഷയം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ ബാങ്ക്‌സി ചിത്രവും വീഡിയോയും പറന്നുനടക്കുകയാണ്.

Related Tags :
Similar Posts