ആളറിയാതെ സന്ദേശം അയക്കാം; തരംഗമായി ഫീഡ്‌നോളി
|ആളറിയാതെ സന്ദേശം അയക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗം. ചോദിക്കാവുന്ന എന്തും, ഏതും വ്യക്തി ആരാണെന്നറിയാതെ ഫീഡ്‌നോളിയിൽ അക്കൗണ്ടുള്ള ആർക്കും ഈ ആപ്ലികേഷൻ വഴി അയക്കാവുന്നതാണ്. ലഭിക്കുന്ന സന്ദേശങ്ങൾ വ്യക്തിക്ക് പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ പങ്ക് വെക്കാനുള്ള അവസരവും ഈ ആപ്ലികേഷൻ നൽകുന്നു.
ലഭിക്കുന്ന സന്ദേശങ്ങളുടെ അനോണിമിറ്റി തന്നെയാണ് ഈ ആപ്ലിക്കേഷനെ ഏറ്റെടുക്കുന്നതിന് കാരണമെന്ന് ഭൂരിഭാഗം പേരും പറയുന്നു. ഏതൊരു വ്യക്തിയോടും ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ ധൈര്യത്തോടെ പേര് വരില്ലെന്ന ബോധ്യത്തോടെ തന്നെ അയക്കാൻ സാധിക്കുമെന്നതിനാൽ യുവ തലമുറയാണ് ഈ ആപ്ലികേഷൻ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും. പ്രേമാഭ്യർത്ഥന ആളറിയാതെ നടത്തുന്നവരും കൂട്ടുകാരെ സന്ദേശമയച്ച് കളിപ്പിക്കാനും ഇപ്പോൾ ഫീഡ്‌നോളി സ്ഥിരമായി ഉപയോഗിച്ച് വരികയാണ് യുവ തലമുറ. ഒരു ദിവസം മാത്രമാണ് എല്ലാ സന്ദേശങ്ങളുടെ കാലാവധി. അത് കഴിയുന്നതോടെ സന്ദേശങ്ങൾ ആപ്ലിക്കേഷനിൽ നിന്നും അപ്രത്യക്ഷമാകും. മുൻപും ഇത് പോലത്തെ ആപ്ലികേഷൻ സറാഹാഹ് എന്ന പേരിൽ ലഭ്യമായിരുന്നു. അതിന്റെ വേറൊരു രൂപമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള ഫീഡ്‌നോളി.