പോണ്‍സൈറ്റുകള്‍ക്ക് പൂട്ടിട്ട് ഇന്ത്യയുടെ ഈ അയല്‍രാജ്യം
|രാജ്യത്ത് വര്‍ധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാന്‍ പോണ്‍സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടാണ് ഭരണകൂടം നിയമനിര്‍മാണം നടത്തിയിരിക്കുന്നത്.
നിരോധനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പോണ്‍സൈറ്റുകളാണ് ഇന്റര്‍നെറ്റ് ദാതാക്കള്‍ ബ്ലോക്ക് ചെയ്തത്. 25,000ല്‍ അധികം വെബ്സൈറ്റുകള്‍ ഇതിനോടകം ബ്ലോക്ക് ചെയ്യപ്പെട്ടതായി നേപ്പാള്‍ ടെലികോം അതോറിറ്റി മേധാവി മിന് പ്രസാദ് ആര്യാല്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധവും ഉയരുന്നുണ്ട്. അശ്ലീലം എന്നാരോപിച്ച് ഭാവിയില്‍ ഏത് വെബ്സൈറ്റും നിരോധിക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുന്നതാണ് ഈ നീക്കം എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിഷയത്തെകുറിച്ച് കൃത്യമായ പഠനം നടത്താതെയും മാനദണ്ഡങ്ങളില്ലാതെയുമാണ് നിയമനിര്‍മ്മാണം നടന്നത് എന്നും വാദമുണ്ട്.